| Saturday, 14th May 2022, 3:49 pm

'ഗുഡ് ലക്ക് ആന്‍ഡ് ഗുഡ് ബൈ കോണ്‍ഗ്രസ്: പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് മുന്‍ പി.സി.സി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനായി ചിന്തന്‍ ശിബിര്‍ പരിപാടികള്‍ നടക്കുന്നതിനിടെ പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, പഞ്ചാബ് മുന്‍ പി.സി.സി അധ്യക്ഷനുമായ സുനില്‍ ജാഖര്‍. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും, യാത്ര പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജാഖറിന്റെ പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കെതിരെ ഹൈക്കമാന്‍ഡ് സ്വീകരിച്ച നടപടികളിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് നിഗമനം.

അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ഹൈക്കമാന്‍ഡ് ജാഖറിന് കാരണം കാണിക്കല്‍ നോട്ടീസ് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഖറിന്റെ തീരുമാനം.

പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ദയനീയമായ തോല്‍വിക്ക് കാരണം ഹിന്ദു മുഖ്യമന്ത്രിയായതാണെങ്കില്‍ പഞ്ചാബ് യൂണിറ്റിന്റെ പതനത്തിന് കാരണം ദല്‍ഹിയിലുള്ള പാര്‍ട്ടി നേതാവാണെന്നും ജാഖര്‍ ആരോപിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് കോണ്‍ഗ്രസ് നേരിട്ട തോല്‍വിക്ക് കാരണം ഹിന്ദു മുഖ്യമന്ത്രിയായണെന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവ് അംബിക സോണിയുടെ പരാമര്‍ശത്തിന് മറുപടിയായായിരുന്നു ജാഖറിന്റെ പ്രസ്താവന.

മന്‍ കി ബാത് എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജാഖര്‍ രാജി അറിയിച്ചത്.

പാര്‍ട്ടിയുടെ ആശയത്തില്‍ നിന്ന് വിട്ടുപോകരുതെന്ന് ജാഖര്‍ സോണിയ ഗാന്ധിയോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ഒരു നല്ല മനുഷ്യനാണ്, എന്നാല്‍ മുഖസ്തുതി പറയുന്നവരില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും ജാഖര്‍ പറഞ്ഞു.

രാജി പ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചേര്‍ത്തിരുന്ന കോണ്‍ഗ്രസ് ബയോയും ജാഖര്‍ നീക്കം ചെയ്തു. രണ്ട് വര്‍ഷത്തേക്ക് ജാഖറിനെ പാര്‍ട്ടിയില്‍ നിന്ന് നീക്കണമെന്നും പാര്‍ട്ടി സംബന്ധമായ എല്ലാ പോസ്റ്റുകളും ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്നും കോണ്‍ഗ്രസ് അച്ചടക്ക സമിതി ഏപ്രില്‍ 26ന് നിര്‍ദേശിച്ചിരുന്നു.

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ തകര്‍ച്ചയ്ക്ക് കാരണം ചരണ്‍ജിത്ത് സിംഗ് ചന്നിയാണെന്ന് ജാഖര്‍ ആരോപിച്ചിരുന്നു. ട്വീറ്റ് വിവാദമായതോടെ ആരോപണം പിന്‍വലിക്കുകയും തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ജാഖര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അദ്ദേഹം ക്ഷമാപണവും നടത്തിയിരുന്നു.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചന്നിയെ പിന്തുണച്ചത് രണ്ട് പേര്‍ മാത്രമാണെന്നും ബാക്കിയെല്ലാവരും തനിക്ക് അനുകൂലമായിരുന്നുവെന്നും ജാഖര്‍ നേരത്തെ ആരോപിച്ചിരുന്നു. അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ ഉയര്‍ന്നു കേട്ടത് ജാഖറിന്റെ പേരായിരുന്നു. എന്നാല്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ സിഖുകാരന്‍ മതിയെന്ന അംബിക സോണിയുടെ പരാമര്‍ശത്തിലാണ് ചന്നിയെ തെരഞ്ഞെടുത്തത്.

Content Highlight: “Good Luck and Good Bye”;  Sunil Jakhar announces leaving congress

We use cookies to give you the best possible experience. Learn more