സിനിമയെ ഇഷ്ടപ്പെട്ട കാലം മുതല്‍ തനിക്ക് ആരാധന തോന്നിയ നടന്‍, സിനിമയിലേക്ക് വരാന്‍ കാരണക്കാരനായ നടന്‍, അത്തരമൊരു താരത്തെ വെച്ച് സിനിമ ചെയ്യാന്‍ അവസരം കിട്ടിയ സംവിധായകന്‍ ആ അവസരത്തെ മാക്‌സിമം ഉപയോഗിച്ചു. അതാണ് ഗുഡ് ബാഡ് അഗ്ലി എന്ന സിനിമ. ഇഷ്ടനടനെ വെച്ച് ഫാന്‍ബോയ് സംവിധാനം ചെയ്ത സിനിമയുടെ പീക്ക് അനുഭവമായിരുന്നു ഗുഡ് ബാഡ് അഗ്ലി.
മകന് വേണ്ടി വയലന്‍സ് ഉപേക്ഷിച്ച് 18 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗ്യാങ്സ്റ്ററായ നായകന്‍. അയാള്‍ തിരിച്ചെത്തുമ്പോള്‍ മകന്‍ ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാതിയില്‍ ഉപേക്ഷിച്ച വയലന്‍സിനെ അയാള്‍ വീണ്ടും കൈയിലെടുക്കേണ്ടി വരുന്നതാണ് സിനിമയുടെ കഥ. ഒരുപാട് ഡ്രാമകള്‍ക്ക് സ്‌കോപ്പ് ഉണ്ടായിട്ടുകൂടി ആക്ഷന്‍ കോമഡി ഴോണറിലാണ് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ ഗുഡ് ബാഡ് അഗ്ലിയെ സമീപിച്ചത്.
സിനിമ തുടങ്ങുമ്പോള്‍ തന്നെ നായകന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. അതുമായി പൊരുത്തപ്പെട്ടാല്‍ പിന്നെ രണ്ടേകാല്‍ മണിക്കൂര്‍ നേരത്തേക്ക് നായകന്‍ ചെയ്യുന്ന കാര്യങ്ങളുടെ ലോജിക് നമ്മള്‍ ചികയില്ല. അത് കണക്ടാകാത്തവര്‍ക്ക് സിനിമ ശരാശരിയിലും താഴെയുള്ള അനുഭവമായി മാറുകയും ചെയ്യും.
അജിത്തിന്റെ എല്ലാ ഹിറ്റ് സിനിമകളുടെയും റഫറന്‍സ് ഒളിഞ്ഞും തെളിഞ്ഞും സിനിമയില്‍ വന്നുപോകുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി അമിതമായ പാസം അല്ലെങ്കില്‍ സമൂഹത്തിന് എന്തെങ്കിലും മെസേജ് എന്ന തരത്തിലായിരുന്നു അജിത്തിന്റെ ഭൂരിഭാഗം സിനിമകളും. അതില്‍ നിന്ന് തീര്‍ത്ത് വ്യത്യസ്തമായി തന്റെ ആരാധകര്‍ക്ക് വേണ്ടി അജിത് ചെയ്ത സിനിമ കൂടിയാണ് ഗുഡ് ബാഡ് അഗ്ലി.
സിനിമയുടെ ടൈറ്റില്‍ കാര്‍ഡ്. ഇന്‍ട്രോ, അജിത്തിന്റെ ടൈറ്റില്‍ കാര്‍ഡ് എന്നിവയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമായി മാറ്റി. അതിനോടൊപ്പം റെട്രോ സോങ്ങുകളുടെ കൃത്യമായ പ്ലേസ്‌മെന്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തിയേറ്ററുകള്‍ ഇളക്കിമറിച്ചു. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗമായി മാറിയ ഡാര്‍ക്കിയെ കൊണ്ടുവന്നതും അയാളുടെ ഹിറ്റ് പാട്ട് പ്ലേസ് ചെയ്തതും കൈയടി അര്‍ഹിക്കുന്നതാണ്.
അജിത്തിന്റ പഴയകാല സിനിമകളിലെ സീനുകള്‍ റീക്രിയേറ്റ് ചെയ്തും റെഫറന്‍സ് ഡയലോഗുകള്‍ ഉപയോഗിച്ചും സിനിമയെ അപ് ലിഫ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍. ഒപ്പം സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ട്രെന്‍ഡായ പല ഡയലോഗുകളും കൃത്യമായി ഉപയോഗിച്ച് സിനിമയുടെ മൂഡ് നഷ്ടമാകാതെ സംവിധായകന്‍ കൊണ്ടുപോയിട്ടുണ്ട്.
രണ്ടാം പകുതിയില്‍ 10 മിനിറ്റോളം വരുന്ന അനിമേഷന്‍ സീക്വന്‍സിനെപ്പറ്റി പ്രത്യേകം സംസാരിക്കേണ്ടിയിരിക്കുന്നു. ലോജിക്കിനെ എട്ടാക്കി മടക്കി എറിഞ്ഞതിന് ശേഷം സംവിധായകന്‍ ക്രിയേറ്റ് ചെയ്ത ഈ സീക്വന്‍സ് ഈയടുത്ത് വന്നവയില്‍ ഏറ്റവും മികച്ച ബില്‍ഡപ്പ് സീനുകളിലൊന്നാണ്. ഓരോ റഫറന്‍സും ഒന്നിനൊന്ന് ഗംഭീരമെന്നേ പറയാനാകൂ.
പെര്‍ഫോമന്‍സുകള്‍ നോക്കിയാല്‍ അജിത്തിന്റെ വണ്‍ മാന്‍ ഷോയാണ് ഈ സിനിമ. പാസവും നിര്‍വികാര മുഖവും കണ്ട് മടുത്ത ആരാധകര്‍ക്കിടയിലേക്ക് എനര്‍ജറ്റിക്കായി അജിത് അവതരിച്ചപ്പോള്‍ ലഭിച്ചത് വലിയൊരു ട്രീറ്റ് തന്നെയായിരുന്നു. അഞ്ചോളം ഗെറ്റപ്പില്‍ അജിത് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാ ലുക്കും അദ്ദേഹത്തിന് പെര്‍ഫക്ട് മാച്ചായിരുന്നു. അതിലും ചെറുപ്പമായി കാണിച്ച പോര്‍ഷനുകള്‍ എല്ലാം അതിഗംഭീരമെന്നല്ലാതെ മറ്റൊന്നും പറയാനില്ല.
ഇമോഷന് വലിയ പ്രാധാന്യമില്ലെങ്കിലും ഉള്ള ഇമോഷണല്‍ സീനുകളില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാനും അജിത്തിന് സാധിച്ചു. എപ്പോഴും പാസത്തിന് പ്രാധാന്യമുള്ള സിനിമകള്‍ മാത്രം ചെയ്യാതെ ഇടയ്ക്ക് ഇത്തരത്തിലുള്ള സിനിമകളാണ് അദ്ദേഹത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വില്ലനായി വേഷമിട്ട അര്‍ജുന്‍ ദാസ്, സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും ശബ്ദത്തിലെ ഗാംഭീര്യം കൊണ്ടും അജിത്തിന്റെ കൂടെ കട്ടക്ക് പിടിച്ചു നിന്നിട്ടുണ്ട്. നായകന് മാത്രം പ്രാധാന്യമുള്ള സിനിമയില്‍ തന്റെ വേഷം അടയാളപ്പെടുത്താന്‍ അര്‍ജുന്‍ ദാസിന് സാധിച്ചിട്ടുണ്ട്. റെട്രോ സോങ്ങുകളില്‍ അര്‍ജുന്റെ പെര്‍ഫോമന്‍സിനെ അഭിനന്ദിക്കാതെ വയ്യ. അത്രക്ക് മനോഹരമായിരുന്നു.
ചിത്രത്തിലെ നായിക തൃഷക്ക് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിലും അജിത്- തൃഷ കോമ്പോ കണ്ടിരിക്കാന്‍ രസമായിരുന്നു. ഇരുവരും ഒന്നിച്ച കിരീടത്തിലെ ഹിറ്റ് ഗാനം ഈ സിനിമയില്‍ ഉപയോഗിച്ച രീതി ഇഷ്ടപ്പെട്ടു. എന്നാല്‍ തൃഷയെക്കാള്‍ കൈയടി നേടിയത് അതിഥിവേഷത്തിലെത്തിയ സിമ്രാനായിരുന്നു. അജിത്- സിമ്രന്‍ ഡയലോഗ് സീന്‍ അതിഗംഭീരമെന്നേ പറയാന്‍ സാധിക്കുള്ളൂ.
ഇവര്‍ക്ക് ശേഷം ഏറ്റവുമധികം കൈയടി നേടിയത് മലയാളിയായ ഷൈന്‍ ടോം ചാക്കോയാണ്. വെറും 10 മിനിറ്റ് മാത്രമുള്ള സീനിനെ അതിഗംഭീരമായി ഷൈന്‍ പ്രസന്റ് ചെയ്തിട്ടുണ്ട്. നായകനെ ചുമ്മാ പൊക്കിയടിക്കുന്ന സീനായിട്ട് കൂടി അത് പ്രേക്ഷകരിലേക്ക് കണക്ടാക്കാന്‍ ഷൈനിന് സാധിച്ചിട്ടുണ്ട്. സൈമണ്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്തു.
അജിത്തിന്റെ സഹായികളായി എത്തിയ സുനില്‍, പ്രസന്ന എന്നിവരും കൈയടി കിട്ടേണ്ട സ്ഥലത്ത് കൃത്യമായി പെര്‍ഫോം ചെയ്തു. മലയാളിയായ പ്രിയ വാര്യറും ചിത്രത്തില്‍ ചെറിയൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പ്രിയയുടെ പാട്ടിന് കിട്ടിയ കൈയടി എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ഇനിയങ്ങോട്ട് തമിഴില്‍ നല്ല അവസരങ്ങള്‍ പ്രിയയെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ത്തികേയ ദേവ്, പ്രഭു, റെഡിന്‍ കിങ്സ്ലി, യോഗി ബാബു, ടിനു ആനന്ദ് എന്നിവരും അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കി.
സംഗീതം നല്‍കിയ ജി.വി. പ്രകാശ് അയാളുടെ മാക്‌സിമം ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഓരോ സീനിനെയും എലവേറ്റ് ചെയ്യുന്നതില്‍ ജി.വി.പിയുടെ സംഗീതം ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. മാര്‍ക്ക് ആന്റണിയില്‍ നിര്‍ത്തിയ ഇടത്ത് നിന്ന് ആദിക്കും ജി.വി. പ്രകാശും തുടങ്ങിയതുപോലെയായിരുന്നു ഗുഡ് ബാഡ് അഗ്ലിയിലെ ബി.ജി.എം.
അഭിനന്ദന്‍ രാമാനുജന്റെ ഛായാഗ്രഹണവും മികച്ചുനിന്നു. അജിത് എന്ന സ്റ്റാറിനെ മാക്‌സിമം ഓറയോടെ പ്രസന്റ് ചെയ്യാന്‍ അഭിനന്ദന്റെ ക്യാമറാക്കണ്ണുകള്‍ക്ക് സാധിച്ചു. കഴിഞ്ഞ സീനില്‍ എന്തായിരുന്നെന്ന് ചിന്തിക്കാനുള്ള സമയം പോലും നല്‍കാതെ അടുത്ത സീനിലേക്ക് പോകാന്‍ പ്രേക്ഷകരെ സഹായിച്ചതില്‍ വിജയ് വേലുക്കുട്ടിയുടെ കട്ടുകള്‍ വഹിച്ച പങ്ക് ചെറുതല്ല.
പ്രേക്ഷകരിലേക്ക് കണ്‍വേ ചെയ്യിക്കാന്‍ വലിയ പ്രയാസമുള്ള ആക്ഷന്‍ കോമഡി എന്ന ഴോണറില്‍ അജിത്തിനെ പോലൊരു സൂപ്പര്‍താരത്തെ വെച്ച് ഇത്രയും വലിയൊരു സിനിമ ചെയ്ത് ആദിക് രവിചന്ദ്രനെ അഭിനന്ദിക്കാതെ വയ്യ. അജിത് ആരാധകര്‍ക്ക് ‘തല’യുയര്‍ത്തി തന്നെ തിയേറ്ററില്‍ നിന്ന് ഇറങ്ങിവരാന്‍ സാധിക്കുന്ന സിനിമയാണ് ഗുഡ് ബാഡ് അഗ്ലി.
Content Highlight: Good Bad Ugly movie Review