ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും സംഭവബഹുലമായ മത്സരങ്ങളിൽ ഒന്നാണ് അർജന്റീന-നെതർലൻഡ്‌സ് ക്വാർട്ടർ പോരാട്ടം. പെനാൽട്ടി ഷൂട്ടൗട്ടിൽ ലാറ്റിനമേരിക്കൻ ടീം വിജയം നേടിയെങ്കിലും മത്സരത്തിൽ നിരവധി അർജന്റീന താരങ്ങൾക്ക് മഞ്ഞക്കാർഡുകൾ ലഭിച്ചിരുന്നു.
റഫറി മതിയോ ലാഹോസ് പതിനെട്ട് കാർഡുകൾ ഉയർത്തിയ മത്സരത്തിൽ ഒമ്പതെണ്ണവും അർജന്റീന താരങ്ങൾക്കാണ് ലഭിച്ചത്. ഇതോടെ ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിൽ രണ്ട് അർജന്റൈൻ സുപ്രധാന താരങ്ങൾക്കാണ് വിട്ട് നിൽക്കേണ്ടി വരുക.
ഡിഫൻഡർമാരായ മാർകസ് അക്യൂന, ഗോൺസാലൊ മോണ്ടീൽ എന്നിവർക്കാണ് സെമി ഫൈനൽ മിസ് ആവുക. പ്രീ ക്വാർട്ടറിലും, ക്വാർട്ടറിലും മഞ്ഞക്കാർഡ് കണ്ടതിനാലാണിത്.
അതേസമയം റഫറി മതിയോ ലാഹോസിനെ ഫിഫ നാട്ടിലേക്ക് തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മത്സരത്തിനിടെ ലയണൽ മെസിക്ക് ഉൾപ്പെടെ ഇരു ടീമിലെയും 15 താരങ്ങൾക്ക് നേരെയാണ് ലാഹോസ് മഞ്ഞ കാർഡുയർത്തിയത്. മത്സരശേഷം റഫറിക്കെതിരെ അർജന്റീന-നെതർലൻഡ്‌സ് ടീമുകളിലെ താരങ്ങൾ രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെയാണ് ഫിഫ ലാഹോസിനെ തിരിച്ചയച്ചതെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളായ ഡാനിയേല ഓർസാറ്റ് ആകും അർജന്റീന-ക്രൊയേഷ്യ സെമി നിയന്ത്രിക്കാനെത്തുക.
അതേസമയം പരിക്കേറ്റ് വിശ്രമത്തിലുള്ള എയ്ഞ്ചൽ ഡി മരിയ ഇതുവരെ കളത്തിൽ തിരിച്ചെത്തിയിട്ടില്ല. ടീമിനൊപ്പം ഡി മരിയ പരിശീലനം നടത്തുന്നുണ്ട്. ക്രൊയേഷ്യക്കെതിരെ ഡി മരിയയെ കോച്ച് ലിയോണൽ സ്‌കലോണി ഇറക്കുമോ എന്ന കാര്യം വ്യക്തമല്ല.
Content Highlights: Gonzalo Montiel and Acuna will not be there to play semi final for Argentina