അമേരിക്കയിലെ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കറിലെ സൂപ്പര്‍ ക്ലബ്ബാണ് ഇന്റര്‍ മിയാമി. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥയിലുള്ള ക്ലബ്ബിലെ അംഗമാണ് അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍.
മേജര്‍ ലീഗ് അസാധാരണമായ വിപ്ലവ മാറ്റത്തിന് സാക്ഷിയാകുമെന്നാണ് ഹിഗ്വെയ്ന്‍ പറയുന്നത്. അര്‍ജന്റീനയിലെ തന്റെ ടീം മേറ്റ് ലയണല്‍ മെസി ടീമിലെത്തിയാലാണ് അത് സംഭവിക്കുക എന്നാണ് അദ്ദേഹം പറയുന്നത്.
നിലവില്‍ പി.എസ്.ജിയുടെ താരമായ മെസിയെ മിയാമിയിലെത്തിക്കാന്‍ നിരന്തര ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ മാസം തുടക്കത്തിലായിരുന്നു ഹിഗ്വെയ്‌നോട് മെസി മിയാമിയില്‍ ജോയിന്‍ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചത്.
മെസി നേരത്തെ തന്നെ മിയാമിയില്‍ ട്രെയ്ന്‍ ചെയ്തിരുന്നെന്നും അദ്ദേഹത്തിന് ഇവിടെ അറിയാമെന്നും ഹിഗ്വെയ്ന്‍ പറഞ്ഞു. അദ്ദേഹം മറഡോണയെ പോലെയാണെന്നും ഹിഗ്വെയ്ന്‍ പറയുന്നു.
‘അവന്‍ ഇതിനകം ഇവിടെ മിയാമിയില്‍ പരിശീലനം നേടിയിട്ടുണ്ട്, മെസിക്ക് ഇവിടം അറിയാം. ലിയോ മറഡോണയെപ്പോലെയാണ്, അവന് എവിടെയും ജീവിക്കാന്‍ കഴിയില്ല. ഇത് അവന്റെ തീരുമാനമാണ്, പക്ഷേ അവന്‍ ഇവിടെ വന്നാല്‍ അത് അസാധാരണമായ വിപ്ലവത്തിന് കാരണമാകും എന്നതില്‍ ചോദ്യമില്ല,’ ഹിഗ്വെയ്ന്‍ പറഞ്ഞു.
മെസി തനിക്കൊപ്പം ടീമില്‍ എത്തിയാല്‍ തന്റെ മിയാമിയിലെ ഭാവിയെ കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു.
‘മെസിയുടെ ട്രാന്‍സ്ഫര്‍ സംഭവിച്ചാല്‍, മിയാമിയില്‍ തുടരണമോ എന്നുള്ളത് ഞാന്‍ തീരുമാനിക്കും. ഡിസംബറില്‍, എന്റെ തീരുമാനം ഞാന്‍ നിങ്ങളെ അറിയിക്കും, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണം. ഞാന്‍ വാതിലുകളൊന്നും അടക്കില്ല, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. എനിക്ക് ഉറപ്പില്ലെങ്കിലും ഒടുവില്‍ മെസി ഞങ്ങളോടൊപ്പം ചേരാനായി ഞങ്ങള്‍ ശ്രമിക്കും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.