അവിടെ ഫുട്ബോളിന് ചുറ്റും ഒരു വിഷവികാരമുണ്ട്, ഞാനും കുടുംബവും പാടുപെടുകയാണ്; വിരമിച്ചതിന് ശേഷം നേരിടേണ്ടി വന്ന ടോക്സിക് അനുഭവങ്ങൾ തുറന്ന് കാട്ടി ഹി​ഗ്വെയ്ൻ
DSport
അവിടെ ഫുട്ബോളിന് ചുറ്റും ഒരു വിഷവികാരമുണ്ട്, ഞാനും കുടുംബവും പാടുപെടുകയാണ്; വിരമിച്ചതിന് ശേഷം നേരിടേണ്ടി വന്ന ടോക്സിക് അനുഭവങ്ങൾ തുറന്ന് കാട്ടി ഹി​ഗ്വെയ്ൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th October 2022, 4:37 pm

കഴിഞ്ഞ ദിവസമാണ് റയൽ മാഡ്രിഡിന്റെയും ചെൽസിയുടെയും മുൻ സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്റർ മിയാമിയുടെ നിലവിലെ ക്യാപ്റ്റനായ താരം ഈ സീസണിലെ എം.എൽ.എസ് മത്സരത്തിന് ശേഷം കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

യൂറോപ്യൻ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ചെൽസീ, യുവാന്റസ് എന്നിവർക്കൊപ്പം മികച്ച പ്രകടനം കാഴ്ച്ച വെച്ച താരത്തിന് നിരവധി ആരാധകരാണുളളത്. എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്നുണ്ടായ ടോക്‌സിക് അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

സമൂഹ മാധ്യമങ്ങളിലെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്നുണ്ടായ വിദ്വേഷ കമന്റുകൾ തന്നെ മാനസികമായി വേദനിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

”സോഷ്യൽ മീഡിയയിൽ ഫുട്‌ബോളിന് ചുറ്റും ഒരു തരം വിഷ വികാരമുണ്ട്. സാമൂഹിക നെറ്റ്വർക്കുകളിലെ നെഗറ്റീവ് രീതിയിലുള്ള ആളുകളിൽ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് നിങ്ങൾക്ക് ഊഹിക്കാനാവില്ല. ഞാൻ ശരിക്കും ബുദ്ധിമുട്ടുകയാണ്. എന്റെ കുടുംബവും എന്നെ ആശ്വസിപ്പിക്കാൻ നന്നേ പാടു പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആളുകളെ അക്രമിക്കാനൊരുങ്ങുന്നതിന് മുമ്പ് ദയവ് ചെയ്ത് അതിന്റെ അനന്തരഫലം കൂടി ആലോചിക്കൂ,” ഹിഗ്വെയ്ൻ വ്യക്തമാക്കി.

ഇന്റർ മിയാമിക്ക് വേണ്ടിയാണ് താരമിപ്പോൾ കളിക്കുന്നത്. വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ വികാരാധീതനായാണ് അദ്ദേഹം സംസാരിച്ചത്. അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിലൂടെയാണ് ഗോൺസാലോയുടെ തുടക്കം.

തുടർന്ന് റയലിന് വേണ്ടി ബൂട്ടുക്കെട്ടിയ താരം 2013ലാണ് നാപ്പോളിലേക്ക് ചേക്കേറുന്നത്. റയലിന് വേണ്ടി 190 മത്സരങ്ങളിൽ നിന്ന് 107 ഗോളുകൾ അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. അതേസമയം നാപ്പോളിക്കായി 104 കളിയിൽ നിന്ന് 71 ഗോളും നേടി.

യുവന്റസിൽ ആകെ 105 മത്സരങ്ങളിലാണ് അർജന്റൈൻ താരം കളിച്ചത്. തുടർന്ന് ചെൽസിക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം ലോണിൽ എ.സി മിലാന് വേണ്ടിയും കളിച്ചു. 75 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളാണ് താരം അർജന്റീനക്ക് വേണ്ടി നേടിയത്.

Content Highlights: Gonzalo Higuain reveals about social media attacks on him after his retirement