| Thursday, 18th July 2024, 4:20 pm

യു.പിയിലെ ഗോണ്ടയില്‍ ട്രെയിൻ പാളം തെറ്റി; രണ്ട് പേര്‍ മരിച്ചു, 20ലധികം പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി. ചണ്ഡീഗഡ്- ദിബ്രുഗഡ് എക്‌സ്പ്രസാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പാളം തെറ്റിയത്.

രണ്ട് പേര്‍ മരിക്കുകയും 20ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഗോണ്ടയ്ക്കും ജിലാഹിക്കും ഇടയിലുള്ള സ്റ്റേഷനില്‍ വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ 12-ാളം കോച്ചുകള്‍ പാളം തെറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ജിലാഹി റെയില്‍വേ സ്‌റ്റേഷന് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. അപകടം ഉണ്ടായ സമയത്ത് ട്രെയിന്‍ നല്ല സ്പീഡിലാണ് ഓടിക്കൊണ്ടിരുന്നതെന്ന് ട്രെയ്‌നിലെ യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ പെട്ട 12 കോച്ചുകളില്‍ എ.സി കോച്ചിലാണ് കൂടുതല്‍ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടം ഉണ്ടായതിന് പിന്നാലെ യാത്രക്കാരും നാട്ടുകാരും ഇടപെട്ടാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

എന്നാല്‍ മരിച്ചവരുടെ എണ്ണവും, പരിക്കേറ്റവരുടെ എണ്ണവും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും അടിയന്തര നടപടികള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Gonda Train Accident ; 2 Dead and 20 Injured

Latest Stories

We use cookies to give you the best possible experience. Learn more