| Thursday, 10th May 2018, 7:08 pm

വാടകവീട്ടില്‍ പോലും ജീവിക്കാനനുവദിക്കുന്നില്ല: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: പൊലീസും രാഷ്ട്രീയക്കാരും തന്നെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍. തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ രാഷ്ട്രീയക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്നും ഗോമതി അഗസ്റ്റിന്‍ പറഞ്ഞു. വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി തന്നെയും കുടുംബത്തെയും വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാനാണ് ഇത്തവണ പൊലീസ് ശ്രമിക്കുന്നതെന്നും ഗോമതി ആരോപിച്ചു.

രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും പകവീട്ടുകയാണ്. ഇതുമൂലം കുറെ മാസങ്ങളായി വികസനമൊന്നും തന്റെ മണ്ഡലത്തില്‍ നടപ്പാക്കാനായിട്ടില്ല. ജനങ്ങള്‍ അര്‍ഹിക്കുന്ന പദ്ധതികളാണ് ഇതുമൂലം അവതാളത്തിലായത്. മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരിലും പോരാട്ടങ്ങള്‍ തുടര്‍ന്നതിന്റെ പേരിലുമാണ് നീക്കങ്ങള്‍. ജങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഈ വേട്ടയാടലുകള്‍, ദേവികുളം പഞ്ചായത്ത് നല്ലതണ്ണി ഡിവിഷന്‍ ജനപ്രതിനിധി കൂടിയായ ഗോമതി പറഞ്ഞു. “സമരത്തിനുശേഷം എസ്റ്റേറ്റിലെ ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂന്നാര്‍ കോളനിയില്‍ വാടകയ്ക്ക് താമസിച്ചു. എന്നാല്‍ മൂന്നാറിലെ പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ അവിടെ നിന്നും എന്നെ ഇറക്കിവിട്ടു”, ഗോമതി കൂട്ടിച്ചേര്‍ത്തു.


Also Read: ബലാത്സംഗവും ദളിത് പീഡനവുമെല്ലാം രാജ്യം ചര്‍ച്ച ചെയ്യണം; മോദിക്ക് രാഷ്ട്രീയമെന്നാല്‍ ബുള്ളറ്റ് ട്രെയിനുകളെയും സീ പ്ലെയിനുകളെയും കുറിച്ച് സംസാരിക്കലാണ്: രാഹുല്‍ഗാന്ധി


സി.പി.ഐ.എമ്മില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും വൈദ്യുതിമന്ത്രിക്കെതിരെ സമരം ചെയ്തതോടെ കോളനിയില്‍ ജീവിക്കാന്‍ കഴിയാതെയായെന്നും തുടര്‍ന്ന് മൂന്നാര്‍ എം.ജി കോളനിയില്‍ വാടയ്ക്ക് വീട് എടുത്ത് താമസം ആരംഭിച്ചെങ്കിലും മകന്റെ പേരില്‍ പൊലീസ് തന്നെ വേട്ടയാടുകയാണെന്നും ഗോമതി പറഞ്ഞു. പതിനേഴുവയുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇവരുടെ മകനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

മകന്റെ കേസന്വേഷണമെന്ന പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് ഗോമതി പറഞ്ഞു. സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷനും ദേവികുളം സബ് കളക്ടര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. തോട്ടം തൊഴിലാളികളെ തന്നില്‍ നിന്നും അകറ്റാന്‍ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാമെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗോമതി 2018, ഏപ്രില്‍ 27ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

അതേസമയം കേസന്വേഷണത്തിന്റെ പേരില്‍ ആരും ഗോമതിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും പോലീസിനെതിരെ വ്യാജ ആരോപണമാണ് ഗോമതി ഉന്നയിക്കുന്നതെന്നും മൂന്നാര്‍ സി.ഐ സാംജോസ് പ്രതികരിച്ചു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more