എം.എം. മണിയുടെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചിട്ടുണ്ട്, എന്നാല്‍ ബഷീറിനാല്‍ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ ചേര്‍ത്തുപിടിക്കുന്നു: ഗോമതി
Kerala News
എം.എം. മണിയുടെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചിട്ടുണ്ട്, എന്നാല്‍ ബഷീറിനാല്‍ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ ചേര്‍ത്തുപിടിക്കുന്നു: ഗോമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd June 2022, 2:12 pm

കോഴിക്കോട്: മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മൂന്നാര്‍ സമര നായിക ഗോമതി. എം.എം. മണിയുടെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ ചേര്‍ത്തുപിടിക്കുന്നുവെന്ന് ഗോമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘സഖാവ് എം.എം. മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ.
താങ്കള്‍ നിറത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് എം.എല്‍.എ ബഷീറിനാല്‍ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ കയ്യടിക്കാനല്ല ചേര്‍ത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം.
ഐക്യദാര്‍ഢ്യം,’ എന്നാണ് ഗോമതി ഫേസ്ബുക്കില്‍ എഴുതിയത്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമര്‍ശം.

എം.എം മണിയുടെ ‘കണ്ണും മോറും’ കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ. ബഷീര്‍, കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം. മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നുമാണ് അധിക്ഷേപിച്ചത്.

‘കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക്(മുഖ്യമന്ത്രി) പേടി, പര്‍ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. എനിക്കുള്ള പേടി എന്താണെന്നുവെച്ചാല്‍, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാല്‍ എന്താകും എന്ന് വിചാരിച്ചാണ്. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലെ,’ എന്നായിരുന്നു പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞത്.

പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ബഷീറിന്റെ പരാമര്‍ശം ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷ ആണന്നാണ് ഷീബ രാമചന്ദ്രന്‍ പറഞ്ഞത്.