തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആര്‍.എസ്.എസ് മേധാവിയായിരുന്ന എം.എസ് ഗോള്‍വാക്കറിന്റെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
ഗോള്‍വാക്കറിന്റെ പേര് നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
കേരള സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസിന്റെ കുല്‍സിതനീക്കമാണ് ഇതിനു പിന്നിലെന്നും കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആര്‍.എസ്.എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോള്‍വര്‍ക്കറുടെ പേര് നല്കാനുള്ള കേന്ദ്ര മോഡിസര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവുംപ്രതിഷേധകരവുമാണ്.
കേരള സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസിന്റെ കുല്‍സിതനീക്കമാണ് ഇതിനു പിന്നില്‍. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണം. ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആര്‍.എസ്.എസ് മേധാവി. 1940 മുതല്‍ 1970 വരെ ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയലഹളകള്‍ ആര്‍.എസ്.എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആര്‍.എസ്.എസ് നടത്തിയ രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങളെല്ലാം ഈ ആര്‍.എസ്.എസ് മേധാവിയുടെ കീഴിലായിരുന്നു.
ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ഉറ്റ ചങ്ങാതി ആയിരുന്നു ഗോള്‍വര്‍ക്കര്‍. ഗാന്ധി വധത്തിന്റെ കേസില്‍ 1948 ഫെബ്രുവരി നാലിന് ഗോള്‍വര്‍ക്കറെ അറസ്റ്റു ചെയ്തു. ആറു മാസം ജയിലില്‍ കിടന്ന ശേഷം നിരവധി മാപ്പപേക്ഷള്‍ക്കു ശേഷമാണ് ഗോള്‍വര്‍ക്കര്‍ക്ക് ജാമ്യം കിട്ടിയത്. ആര്‍.എസ്.എസിനെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ മുന്‍കൈയെടുത്ത് കേന്ദ്ര ഗവണ്മന്റ് നിരോധിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്നും ഗോള്‍വര്‍ക്കര്‍ എഴുതിക്കൊടുത്ത ശേഷമാണ് സര്‍ദാര്‍ പട്ടേലും നെഹ്‌റുസര്‍ക്കാരും ആര്‍.എസ്.എസിന്റെ മേലുള്ള നിരോധനം പിന്‍വലിച്ചത്.
ബുദ്ധിപരമായ സത്യസന്ധതയില്ലായ്മക്കും കുപ്രസിദ്ധനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ വര്‍ഗീയവാദി. വി.ഡി സവര്‍ക്കര്‍ മറാത്തിയിലെഴുതിയ രാഷ്ട്ര മീമാംസ എന്ന പുസ്തകം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തര്‍ജമ ചെയ്യാന്‍ ഇദ്ദേഹത്തെ ഏല്പിച്ചു. We and Our Nationhood Defined എന്ന പേരില്‍ അതിനെ സ്വന്തം പുസ്തകമാക്കി പ്രസിദ്ധീകരിക്കുയാണ് ഗോള്‍വള്‍ക്കര്‍ ചെയ്തത്.
ഇന്ത്യയുടെ ശത്രുക്കളായ രാക്ഷസര്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഈ പുസ്തകത്തിലാണ്.
ആധുനിക ഇന്ത്യയുടെ വര്‍ഗീയവല്ക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വര്‍ഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്കുന്നത് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ്: നവോത്ഥാനനായകരുടേയും മതേതരപുരോഗമന ചിന്തകളുടേയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെപ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികള്‍ ഈ പ്രകോപനത്തില്‍ വീഴരുത്. അതേ സമയം അധിക്ഷേപകരമായ ഈ പേരിടല്‍ നീക്കത്തെ സര്‍വ്വശക്തിയും സമാഹരിച്ച് എതിര്‍ക്കുകയും വേണം.