| Thursday, 13th February 2020, 8:16 pm

'ഗോലിമാരോ പ്രചാരണം പാടില്ലായിരുന്നു'; ദല്‍ഹി തെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് സമ്മതിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബി.ജെ.പിയുടെ കനത്ത പരാജയത്തിന് ശേഷം മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോലിമാരോ പ്രസ്താവന തെറ്റായിരുന്നെന്നും അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും ഷാ പറഞ്ഞു. ടൈംസ് നൗ സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദല്‍ഹി തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് തന്റെ കണക്കുകൂട്ടലുകള്‍ തെറ്റായരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പു ഫലവും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമില്ലെന്നും ഷാ പറഞ്ഞു.

‘ദല്‍ഹിയില്‍ 45 സീറ്റുകളില്‍ വിജയിക്കുമെന്ന് ഞാന്‍ പറഞ്ഞതും തെരഞ്ഞെടുപ്പ് ഫലവുമായി യാതൊരു ബന്ധവുമില്ല. അതെന്റെ കണക്കുകൂട്ടലായിരുന്നു. അത് തെറ്റായിപോയി,’ അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പട്ട വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഷാ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് എന്നോട് ആര്‍ക്കെങ്കിലും എന്തെങ്കിലും ചര്‍ച്ച ചെയ്യണമെങ്കില്‍ എന്റെ ഓഫീസില്‍ നിന്നും സമയം ചോദിക്കാവുന്നതാണ്; മൂന്നു ദിവസത്തിനകം സമയം അനുവദിക്കും,’ അമിത് ഷാ പറഞ്ഞു.

ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പുകളിലും ആത്മാര്‍ത്ഥമായി പരിശ്രമിക്കാറുണ്ടെന്നും ആദ്യമായല്ല ഒരു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍ക്കുന്നതെന്നും ഷാ പറഞ്ഞു.

‘ദല്‍ഹിയില്‍ മാത്രമല്ല, എല്ലാ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാറുണ്ട്. ഒരു തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോല്‍ക്കുന്നത് ഇത് ആദ്യമായല്ല. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും ഞങ്ങള്‍ക്ക് പരാജയമുണ്ടായിട്ടുണ്ട്,’ അമിത് ഷാ പറഞ്ഞു.

രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്ന് കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more