'രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ'; ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
national news
'രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ'; ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th January 2020, 7:44 pm

ന്യൂദല്‍ഹി: രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂവെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിലാണ് അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.

പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതേ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഭവം നടന്ന് കുറച്ച സമയത്തിന് ശേഷമാണ് അമിത്ഷാ പരിപാടിക്കെത്തിയത്.

ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എ.എ.പി നേതാക്കള്‍ അറിയിച്ചു.

 

കേന്ദ്രഗവണ്‍മെന്റ് വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ വിവാദ പരാമര്‍ശം. ജനുവരി അഞ്ചിന് ജെ.എന്‍.യുവില്‍ നടന്ന സംഘര്‍ഷത്തിനിടയിലും സംഘപരിവാര്‍ സമാനമായ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രതിസന്ധികള്‍ രാജ്യം നേരിടുന്നതിനിടെ കേന്ദ്ര ധനകാര്യ മന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എ.എ.പി നേതാക്കള്‍ കുറ്റപ്പെടുത്തി.