2020 ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ഗോള്‍ഫില്‍ കണ്ടത്. 23 വയസ്സുള്ള അതിഥി അശോകിലൂടെയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ഒളിംപിക്സ് ഗോള്‍ഫ് മത്സരത്തിന്റെ അവസാന റൗണ്ട് വരെയെത്തുന്നത്.
അവസാന നിമിഷം വരെ മെഡല്‍ പ്രതീക്ഷ പുലര്‍ത്തിയ അതിഥിക്ക് ഒടുവില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. എങ്കിലും അതിഥിയുടെ മികച്ച പ്രകടനത്തിന് പല കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.
അതിഥിയുടെ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഒപ്പം അതിഥിയുടെ ഭാവിജീവിതത്തിന് ആശംസകളും നേര്‍ന്നു.
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അതിഥി ടോക്കിയോയില്‍ കാഴ്ചവച്ചത്. 2016 റിയോ ഒളിംപിക്സില്‍ 41ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അതിഥി ടോക്കിയോയില്‍ അത് നാലാം സ്ഥാനമാക്കി മെച്ചപ്പെടുത്തി.
ടോക്കിയോയില്‍ ഒന്നാം സ്ഥാനം നേടിയ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം നെല്ലി കോര്‍ഡെയേക്കാള്‍ 2 പോയിന്റ് പിന്നിലായാണ് അതിഥി മത്സരം അവസാനിപ്പിച്ചത്. രണ്ടാം സ്ഥാനം നേടിയ ജപ്പാന്റെ മോനെ ഇനാമിയേക്കാള്‍ ഒരു പോയിന്റ് പിന്നിലും.
നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടെങ്കിലും ഒളിംപിക്സ് ഗോള്‍ഫില്‍ ഒരു ഇന്ത്യക്കാരന്റെ മികച്ച പ്രകടനവുമായി തല ഉയര്‍ത്തി തന്നെയാണ് അതിഥി ടോക്കിയോയില്‍ നിന്നും മടങ്ങുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Golfer Aditi Ashok narrowly misses out on historic medal, finishes 4th