[]തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറാന്‍ മന്ത്രിസഭായോഗത്തില്‍ തത്ത്വത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് അന്താരാഷ്ട്രനിലവാരത്തിലൊരു ഗോള്‍ഫ് ക്ലബ് ഇല്ലാത്തതിനാലാണിതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഗോള്‍ഫ് ക്ലബിന്റെ പേരില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇതിന്റെ വിധിയുടെ അടിസ്ഥാനത്തിലും ക്ലബിലെ നിലവിലുള്ള അംഗങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുന്നത്.
സംസ്ഥാനത്ത് കൂടുതല്‍ മുതല്‍മുടക്കിന് സന്നദ്ധത പ്രകടിപ്പിച്ച് സായി മുമ്പോട്ട് വന്നിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല സ്ഥലം അനുവദിച്ചാല്‍ കോഴിക്കോട് ആസ്ഥാനമാക്കി ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കാന്‍ അനുമതി നല്‍കും. 200 മുതല്‍ 300 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതും തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
ഇത്തവണത്തെ സംസ്ഥാനബജറ്റ് ജനുവരി 17-ന് അവതരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. വോട്ട് ഓണ്‍ അക്കൗണ്ടിന് പകരം സമ്പൂര്‍ണബജറ്റായിരിക്കും അവതരിപ്പിക്കുക. മാര്‍ച്ചിന് മുമ്പ് പാസാക്കുന്ന തരത്തിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക. എന്നാല്‍ ഇതിന് മുമ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പൂര്‍ണബജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ല.
ഇതുവരെ എയ്ഡഡ് സ്‌കൂളുകളില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു. ഇനി മുതല്‍ ടോയ്‌ലറ്റിനും പാചകപ്പുരയ്ക്കും വേണ്ടി ഫണ്ട് വിനിയോഗിക്കാം.
2011 ഓഗസ്റ്റ് മൂന്നിന് അനുവദിച്ച എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഗസ്റ്റായി ജോലിയില്‍ പ്രവേശിച്ചവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പ്രായപരിധി കടക്കാതിരുന്ന അധ്യാപകര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വയനാട് തിരുനെല്ലി അപ്പപ്പാറയിലെ എല്‍.പി സ്‌കൂളിനെ യു.പി സ്‌കൂളാക്കി ഉയര്‍ത്താനും തീരുമാനിച്ചു. ഇവിടത്തെ കുട്ടികളില്‍ തൊണ്ണൂറ് ശതമാനവും ആദിവാസികളാണ്. സമീപത്തെങ്ങും മറ്റ് സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ എല്‍.പി സ്‌കൂളിന് ശേഷം ഇവരുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.