| Monday, 27th July 2020, 6:16 pm

സ്വര്‍ണ്ണകടത്ത് കേസ്; അന്വേഷണം 'ആനിക്കാട് ബ്രദേഴ്‌സി'ലെ റബിന്‍സിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണകടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്. യു.എ.ഇയില്‍ പിടിയിലായ ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയായ റബിന്‍സ് അബൂബക്കറിനെതിരെ കസ്റ്റംസാണ് വാറന്റ് പുറപ്പെടുവിച്ചത്.

റബിന്‍സ് ഇപ്പോള്‍ വിദേശത്താണ്. കള്ളക്കടത്തുകളിലെ മുഖ്യപങ്കാളിയാണ് റബിന്‍സ് എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് റബിന്‍സ്. സഹോദരനായ നജിന്‍സിനൊപ്പം ആനിക്കാട് ബ്രദേഴ്‌സ് എന്ന പേരില്‍ റബിന്‍സ് നേരത്തെ കള്ളക്കടത്ത് നടത്തിയിട്ടുണ്ട്.

ഫൈസല്‍ ഫരീദിന്റെ പേരില്‍ ചില പാഴ്‌സലുകള്‍ അയച്ചത് ദുബായിലുള്ള റബിന്‍സാണെന്ന് നേരത്തെ പിടിയിലായ ജലാല്‍ മുഹമ്മദ് നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. നേരത്തെ മുതല്‍ കസ്റ്റംസ് നീരീക്ഷണത്തിലുള്ള വ്യക്തിയാണ് റബിന്‍സ്.

ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം എത്തിയ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വപ്ന സുരേഷ് കണക്ട് ചെയ്ത നമ്പറില്‍ നിന്നാണ് വിളിച്ചതെന്നാണ് ശിവശങ്കറിന്റെ വിശദീകരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെയായിരുന്നു ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് കസ്റ്റഡിയില്‍ വെച്ചത്. ജൂലൈ 3 നാണ് ശിവശങ്കര്‍ മറ്റൊരു ഫോണില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചത്. അതേ ദിവസം ശിവശങ്കര്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് സ്വപ്നയെ 12 തവണ വിളിച്ചിട്ടുണ്ട്. അന്ന് തന്നെ അറ്റാഷെ 22 തവണ സ്വപ്നയെ വിളിച്ചിട്ടുണ്ട്.

തന്റെ നമ്പറില്‍ നിന്നല്ല കസ്റ്റംസിനെ വിളിച്ചതെന്നും സ്വപ്ന മറ്റൊരു നമ്പറില്‍ നിന്ന് ഡയല്‍ ചെയ്ത് തനിക്ക് തന്നതാണ് എന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more