ന്യൂദല്‍ഹി: സുവര്‍ണക്ഷേത്രത്തെ ടോയ്‌ലറ്റ് സീറ്റാക്കിയുള്ള ഉത്പന്നം വില്‍പ്പനയ്ക്ക് വെച്ച് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ വീണ്ടും വിവാദത്തില്‍.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് ഉത്പ്പന്നം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 18 ന് യു.എസിലെ സിഖ് ബോഡിയും ആമസോണിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
ആമസോണിന്റെ നടപടിക്കെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയാണെന്നും ലോകത്തെമ്പാടുമുള്ള സിഖ് വിഭാഗക്കാരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചിരുന്നു. എത്രയും പെട്ടെന്ന് ഉത്പ്പന്നം പിന്‍വലിച്ച് കമ്പനി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുതിര്‍ന്ന നേതാവിനെ കൊണ്ട് രാഹുല്‍ കാലുപിടിപ്പിച്ചെന്ന് സംഘപരിവാര്‍ പ്രചരണം; സത്യം ഇതാണ്
മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്പനയ്ക്കിട്ടതിന്റെ പേരില്‍ നേരത്തെയും ആമസോണ്‍ വിവാദത്തിലായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന് ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്നും ഉല്‍പ്പന്നം പിന്‍വലിക്കുകയായിരുന്നു.
ആമസോണിന്റെ യു എസ് വെബ്സൈറ്റിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്പനക്ക് വച്ചിരുന്നത്.
16.99 യു എസ് ഡോളര്‍ വിലയിട്ടിരുന്ന ഈ ഉല്‍പ്പന്നത്തെക്കുറിച്ച് ചില വിശേഷണങ്ങളും വെബ്സൈറ്റില്‍ നല്‍കിയിരുന്നു. കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കുകയും, ഇത് കാണുന്നവരുടെ മുഖത്തു ചിരി വിടര്‍ത്തുകയും ചെയ്യും എന്നാണു ഈ ചെരുപ്പിന് നല്‍കിയിരുന്ന വിശേഷണങ്ങള്‍.
ഈ ഉല്‍പ്പന്നം ആമസോണ്‍ വെബ്‌സൈറ്റില്‍ കണ്ടവര്‍ വെബ്‌സൈറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുമുന്‍പായി ഇന്ത്യന്‍ ദേശീയ പതാകയുടെ ചിത്രം പതിപ്പിച്ച ചവിട്ടുമെത്ത വില്പനയ്ക്കിട്ടതിനും ആമസോണിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
ഉല്‍പ്പന്നം പിന്‍വലിച്ച് ആമസോണ്‍ മാപ്പു പറയാത്തപക്ഷം ആമസോണ്‍ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്നും ഭാവിയില്‍ ഇവര്‍ക്ക് വിസ നല്‍കില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഉല്‍പ്പന്നം പിന്‍വലിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ആമസോണ്‍ അറിയിക്കുകയായിരുന്നു.
ഇതിന് പുറമെ ഇന്ത്യയുടെ വികലമായ മാപ്പ് വില്‍പ്പനയ്ക്കും വെച്ചും ആമസാന്‍ വിവാദത്തിലായിരുന്നു. പാകിസ്ഥാനും ചൈനയും തമ്മില്‍ അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കിയ ഇന്ത്യന്‍ ഭൂപടമായിരുന്നു ആമസോണില്‍ വില്‍പ്പനയ്ക്ക് വെച്ചത്.