|

കേരളത്തിലെ ജനാധിപത്യ പ്രക്രിയ ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണിത്: ടിക്കാറാം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ജനാധിപത്യ പ്രക്രിയ ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏത് പാര്‍ട്ടി കള്ളവോട്ട് ചെയ്താലും നിയമം ഒരേ പോലെ നടപ്പിലാക്കും. തെറ്റു ചെയ്തവര്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ല. നിയമം ശക്തമായി തന്നെ മുന്നോട്ടു പോകുമെന്നും മീണ പറഞ്ഞു.

”നിങ്ങളൊന്നും പേടിക്കേണ്ട. എവിടെയെങ്കിലും പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് നടപടി എടുക്കും. വോട്ടെണ്ണല്‍ നടക്കുന്നത് വരെ ഞങ്ങളുടെ പണി ഇതാണ്. കള്ളവോട്ട് പിടിക്കാനുള്ള നല്ല അവസരമാണിത്. കേരളത്തിന്റെ ഈ രോഗം നമുക്ക് ചികിത്സിക്കേണ്ടതാണ്. രോഗം മറച്ചുവെച്ചാല്‍ മാറ്റാന്‍ കഴിയില്ല. അത് ചികിത്സിച്ച് ഭേദമാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണിത്. ഒരു പാര്‍ട്ടിക്കാരും പേടിക്കേണ്ടതില്ല. എല്ലാവരും സ്വാഗതം ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.”

സുപ്രീംകോടതി പറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ അധികാരങ്ങളുമുണ്ടെന്നാണ്. മീണ പറഞ്ഞു.

നേരത്തെ സി.പി.ഐ.എമ്മിന്റെ പഞ്ചായത്തംഗം അടക്കം മൂന്ന് പേര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയരില്‍ നിന്ന് മൊഴിയെടുത്തില്ലെന്ന് ആരോപിച്ച് ടിക്കാറാം മീണയ്‌ക്കെകിരെ നിയമനടപടികളിലേക്ക് നീങ്ങാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയരുടെ മൊഴി തന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ കാട്ടിത്തരാന്‍ തയ്യാറാണെന്നും ടിക്കാറാം മീണ ഇപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്.

നേരത്തെ ശബരിമല പ്രചരണ വിഷയമാക്കാനുള്ള ബി.ജെ.പി നിലപാടിനെതിരെയും ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയും ടിക്കാറാം മീണ രംഗത്തെത്തിയിരുന്നു.

Latest Stories