| Monday, 8th January 2024, 12:27 pm

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; ബാര്‍ബിയെ പിന്നിലാക്കി നോളന്റെ ഓപ്പണ്‍ഹൈമര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോളിവുഡ് സിനിമ ഏറെ ഉറ്റുനോക്കിയ ഒരു ദിവസമായിരുന്നു ജനുവരി എട്ട്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍ നേടിയിരുന്നത് ബാര്‍ബിയും ഓപ്പണ്‍ഹൈമറുമായിരുന്നു.

ബാര്‍ബിക്ക് വിവിധ വിഭാഗങ്ങളില്‍ നിന്നായി ഒമ്പത് നോമിനേഷനുകളായിരുന്നു ലഭിച്ചിരുന്നത്, ഓപ്പണ്‍ഹൈമറിനാകട്ടെ എട്ട് നോമിനേഷനുകളായിരുന്നു. എന്നാല്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കിയത് ഓപ്പണ്‍ഹൈമറുമായിരുന്നു. ചിത്രം അഞ്ച് പുരസ്‌കാരങ്ങളാണ് നേടിയത്.

മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനും മികച്ച നടനായി കിലിയന്‍ മര്‍ഫിയും മികച്ച സഹനടനായി റോബര്‍ട്ട് ഡൌനീ ജൂനിയറും മികച്ച ഒറിജിനല്‍ സ്‌കോറിനായി ലുഡ്വിഗ് ഗൊറാന്‍സണും ഓപ്പണ്‍ഹൈമറിന് വേണ്ടി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി. ഒപ്പം മികച്ച മോഷന്‍ പിക്ചറായി ഓപ്പണ്‍ഹൈമര്‍ തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ ബാര്‍ബിക്ക് ആകെ രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളാണ് നേടാന്‍ കഴിഞ്ഞത്. സിനിമാറ്റിക് ആന്‍ഡ് ബോക്സ് ഓഫീസ് അച്ചീവ്മെന്റും ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരവുമാണ് ബാര്‍ബി സ്വന്തമാക്കിയത്. ഇതില്‍ ‘വാട്ട് വാസ് ഐ മേഡ് ഫോര്‍?’ എന്ന ബില്ലി ഐലിഷിന്റെ ഗാനത്തിനാണ് ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

മുമ്പ് പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ വന്ന സമയം ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമായ ഓപ്പണ്‍ഹൈമറിനേക്കാള്‍ കൂടുതല്‍ നോമിനേഷനുകള്‍ ബാര്‍ബിക്ക് ലഭിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പുരസ്‌കാര പ്രഖ്യാപനം വന്നതോടെ നോളന്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമുള്ള വാര്‍ത്ത തന്നെയാണ് വന്നത്.

ഓപ്പണ്‍ഹൈമറിന് ലഭിച്ച എട്ട് നോമിനേഷനുകള്‍ മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, സിനിമാറ്റിക് ബോക്‌സ് ഓഫീസ് അച്ചീവ്മെന്റ് ഉള്‍പ്പെടെയുള്ളവയായിരുന്നു. ബാര്‍ബിക്ക് ലഭിച്ച ഒമ്പത് നോമിനേഷനുകള്‍ കോമഡി ഓര്‍ മ്യൂസിക്കല്‍ – മികച്ച നടി, മികച്ച സഹനടന്‍, സിനിമാറ്റിക് ആന്‍ഡ് ബോക്സ് ഓഫീസ് അച്ചീവ്മെന്റ്, സ്‌ക്രീന്‍പ്ലേ, മൂന്ന് ഒറിജിനല്‍ ഗാനങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നതായിരുന്നു.

അതേസമയം, കില്ലേഴ്സ് ഓഫ് ഫ്ളവര്‍ മൂണിനും പുവര്‍ തിങ്സിനും എഴ് നോമിനേഷനുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. പുവര്‍ തിങ്സിന് രണ്ട് പുരസ്‌കാരങ്ങളും കില്ലേഴ്സ് ഓഫ് ഫ്ളവര്‍ മൂണിന് ഒന്നും ലഭിച്ചു.

Content Highlight: Golden Globe Award; Nolan’s Oppenheimer beats Barbie

We use cookies to give you the best possible experience. Learn more