ഗോള്‍ഡന്‍ ഗ്ലോബ് 2021; പുരസ്‌കാര ജേതാക്കള്‍, മികച്ച സിനിമകള്‍, സീരിസുകള്‍
Entertainment
ഗോള്‍ഡന്‍ ഗ്ലോബ് 2021; പുരസ്‌കാര ജേതാക്കള്‍, മികച്ച സിനിമകള്‍, സീരിസുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st March 2021, 1:21 pm

ലോസ് ആഞ്ചലസ്: ചലച്ചിത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ നൊമാഡ്‌ലാന്റ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ക്ലോയി ഴാവോ ആണ് മികച്ച സംവിധായിക. ബൊറാത് സബ്‌സ്വീകന്റ്് മൂവിഫിലിമാണ് മ്യൂസിക്കല്‍/കോമഡി വിഭാഗത്തിലെ മികച്ച ചിത്രം.

ദി യുണിറ്റൈഡ് സ്‌റ്റേറ്റ് vs ബില്ലി ഹോളിഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്‍ഡ്രേ ഡേ ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിയായി. മാ റെയ്‌നിയുടെ ബ്ലാക് ബോട്ടത്തിലെ പ്രകടനത്തിന് ചാഡ് വിക് ബോസ്മാന് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്‌കാരം നേടി. പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഭാര്യ സിമോണ്‍ ലെഡ് വാഡ് ബോസ്മാന്‍ നടത്തിയ പ്രസംഗം ശ്രദ്ധിക്കപ്പെട്ടു.

ഐ കെയര്‍ എ ലോട്ട് എന്ന ചിത്രത്തിലൂടെ റോസ്മണ്ട് പൈക് മ്യൂസിക്കല്‍/കോമഡിയിലെ മികച്ച നടിയായി. ബൊറാതിലൂടെ സച്ചാ ബറോണ്‍ ഈ വിഭാഗത്തിലെ മികച്ച നടനായി. മികച്ച സഹനടിയായി ജോഡി ഫോസ്റ്ററും (ദി മൗറിറ്റാനിയന്‍) നടനായി ഡാനിയേല്‍ കലൂയ്യയും (ജൂഡാസ് ആന്റ് ദ ബ്ലാക് മെസിയ്യ) തെരഞ്ഞെടുക്കപ്പെട്ടു.

ദി ട്രയല്‍ ഓഫ് ദ ഷിക്കാഗോ 7നാണ് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നേടിയത്. ആരോണ്‍ സോര്‍കിനാണ് ചിത്രത്തിന്റെ തിരക്കഥ. മിനാരിയാണ് മികച്ച വിദേശ ചിത്രം. ആനിമേറ്റഡ് ചിത്രം സോള്‍ ആണ്. സംഗീതസംവിധാനത്തിനും സോള്‍ പുരസ്‌കാരം നേടി. ദി ലൈഫ് എഹെഡ് എന്ന ചിത്രത്തിലെ ലോ സി എന്ന ഗാനമാണ് മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

ടെലിവിഷന്‍/സീരിസ് വിഭാഗത്തിലും പ്രേക്ഷകപ്രീതി നേടിയ നിരവധി സീരിസുകള്‍ ഗോള്‍ഡന്‍ ഗ്ലോബ് സ്വന്തമാക്കിയത്. ദി ക്രൗണ്‍ ആണ് മികച്ച ഡ്രാമ സീരിസ്. ദി ക്രൗണിലെ പ്രകടനത്തിന് എമ്മ കോറിനും ജോഷ് ഒ’കോണറും ഈ വിഭാഗത്തിലെ മികച്ച നടീനടന്മാരായി.

ഷിറ്റ്‌സ് ക്രീക്ക് ആണ് മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. ഷിറ്റ്‌സ് ക്രീക്കിലെ കാതറിന്‍ ഒ’ഹാരയാണ് മികച്ച നടി. ടെഡ് ലാസോയിലെ ജേസണ്‍ സുഡേയ്കിസ് ഈ വിഭാഗത്തില്‍ മികച്ച നടനായി.

ലിമിറ്റഡ് സീരിസില്‍ ദി ക്വീന്‍സ് ഗാംബിറ്റാണ് പുരസ്‌കാരം നേടിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അന്യ ടെയ്‌ലര്‍-ജോയ് ആണ് മികച്ച നടി. ഐ നോ ദിസ് മച്ച് ഈസ് ട്രൂവില്‍ കേന്ദ്ര കഥാപാത്രത്തെ ചെയ്ത മാര്‍ക്ക് റഫല്ലോയാണ് ഈ വിഭാഗത്തിലെ മികച്ച നടന്‍.

ദി ക്രൗണിലെ ഗിലിയന്‍ ആന്‍ഡേഴ്‌സണാണ് മികച്ച സഹനടി. സ്‌മോള്‍ ആക്‌സിലെ ജോണ്‍ ബോയേഗാണ് സഹനടനുള്ള പുരസ്‌കാരം നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Golden Globe 2021 awards updates