[] റിയോ ഡി ജനിറോ: ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അര്‍ജന്റീന നായകന്‍ ലയണല്‍ മെസി സ്വന്തമാക്കി. ഏഴു മല്‍സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടുകയും മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത മെസി ലോകകപ്പിലെ മികച്ച താരമായത് തോല്‍വിയിലും അര്‍ജന്റനയുടെ മനം നിറച്ചു.
ഗോള്‍ഡന്‍ ബോള്‍ നേടുന്ന മൂന്നാമത്തെ അര്‍ജന്റീനിയന്‍ താരമാണ് മെസ്സി. ജര്‍മ്മന്‍ താരം തോമസ് മുള്ളറിനാണ് മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സില്‍വര്‍ ബോള്‍. മികച്ച മൂന്നാമത്തെ താരത്തിനുള്ള ബ്രോണ്‍സ് ബോള്‍ ഹോളണ്ടിന്റെ ആര്യന്‍ റോബന്‍ സ്വന്തമാക്കി.
ആറ് ഗോള്‍ നേടി കൊളംബിയയുടെ ഹാമെസ് റോഡ്രിഗസ് ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കി. അഞ്ചു ഗോളുകളുമായി തോമസ് മുള്ളര്‍ സില്‍വര്‍ ബൂട്ട് നേടി. ക്വാര്‍ട്ടറില്‍ പരുക്കേറ്റു പുറത്തു പോയ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറിനാണ് ബ്രോണ്‍സ് ബൂട്ട്.
ഏഴു മല്‍സരങ്ങളില്‍ നിന്നായി 25 സേവുകള്‍ നടത്തിയ ജര്‍മനിയുടെ മാനുവല്‍ ന്യൂയര്‍ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന് അര്‍ഹനായി. ഫ്രാന്‍സിന്റെ പോള്‍ പോഗ്‌ബെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.