| Tuesday, 22nd March 2022, 6:39 pm

വാഴക്കൂട്ടത്തില്‍ നിന്നിറങ്ങി മാസ് കാണിച്ച് പൃഥ്വിരാജ്; സിനിമയെ കുറിച്ച് ഒന്നും പറയാതെ ഗോള്‍ഡ് ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗോള്‍ഡി’ന്റെ ടീസര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

സിനിമയെ കുറിച്ചോ, സിനിമയുടെ പ്ലോട്ടിനെ കുറിച്ചോ യാതൊരു സൂചനയും നല്‍കാത്ത തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയിട്ടുള്ളത്.

സിനിമയിലെ അഞ്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ടീസര്‍ ചെയ്യുന്നത്. പൃഥ്വിരാജ്, നയന്‍താര, ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജസ്റ്റിന്‍ ജോണ്‍, ഷിയാസ്, മുഹമ്മദ് ഫായിസ് എന്നിവരുടെ കഥാപാത്രങ്ങളുടെ പേര് മാത്രമാണ് ടീസര്‍ പ്രേക്ഷകനെ പരിചയപ്പെടുത്തുന്നത്.

എന്നാല്‍ ഇവരുടെ കഥാപാത്രത്തെ കുറിച്ചോ, സിനിമയുടെ സ്വഭാവത്തെ കുറിച്ചോ ഒന്നും തന്നെ ടീസറില്‍ കാണിക്കുന്നില്ല. ഇത് ഒരുപക്ഷേ അള്‍ഫോണ്‍സ് പുത്രന്‍ ബ്രില്ല്യന്‍സാവാം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

നിരവധി കമന്റുകളും ടീസറിന് പിന്നാലെ ലഭിക്കുന്നുണ്ട്. ‘ ഊള ടീസറില്‍ നിന്നുമാണ് മികച്ച സിനിമകള്‍ ഉണ്ടായിരിക്കുന്നത്’ ‘ലോക സിനിമാ ചരിത്രത്തില്‍ പുതുമകളൊന്നും ഇല്ലാത്ത മൂന്നാമത്തെ പടം’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഗോള്‍ഡ് ഒരു പുതുമയും ഇല്ലാത്ത ചിത്രമാണെന്നും യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ഈ വഴി വരരുതെന്നും സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ പറഞ്ഞിരുന്നു.

പ്രേമം കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്. പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

Content Highlight: Gold teaser released

We use cookies to give you the best possible experience. Learn more