| Friday, 28th June 2019, 6:14 pm

ബാലഭാസ്‌ക്കറിന്റെ മരണവും സ്വര്‍ണ്ണകടത്തും തമ്മില്‍ ബന്ധപ്പെടുത്താനാവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി സ്വര്‍ണ്ണം കടത്ത് കേസിന് യാതൊരു ബന്ധവുമില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണു, മാനേജര്‍ പ്രകാശ് തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌കറുടെ മരണവുമായി ബന്ധമില്ലെന്നും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.

പ്രകാശന്‍ തമ്പി ,വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്‌കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണ്. അര്‍ജുന്‍ നാരായണന്‍, പ്രകാശന്‍ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ്.

അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം ദേശീയപാതാ അതോറിറ്റിയോട് ചോദിച്ചിട്ടുണ്ട്. വാഹനം അമിത വേഗത്തിലായിരുന്നോ എന്ന് ആര്‍.ടി.ഒ യോട് ചോദിച്ചിട്ടുണ്ടെന്നും ബാലഭാസ്‌കര്‍, പ്രകാശ് തമ്പി, വിഷ്ണു, ബാലഭാസ്‌കറുമായും കുടുംബവുമായും ബന്ധമുള്ള ഡോക്ടര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.

ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നും പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.കേസിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 3 തവണയാണ് അര്‍ജുന്‍ മൊഴി മാറ്റിയിരുന്നു. ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ബാലഭാസ്‌ക്കര്‍ തന്നെയാണ് വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കി.

പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു. വാഹനമോടിച്ചത് ആരാണെന്ന് ഓര്‍മയില്ലെന്നായിരുന്നു അപ്പോള്‍ നല്‍കിയ മൊഴി.

തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ബാലഭാസ്‌കറും ഭാര്യയും കുട്ടിയും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കുട്ടി സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടയിലും മരണപ്പെടുകയായിരുന്നു.

We use cookies to give you the best possible experience. Learn more