| Tuesday, 7th July 2020, 8:07 am

കാര്‍ഗോയില്‍ സ്വര്‍ണക്കടത്ത് ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന; എത്തിയത് യു.എ.ഇ കോണ്‍സുലേറ്റ് അംഗം അറ്റാഷെയുടെ പേരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയത് യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍. പ്രതി സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണം എത്തിയത്.

അതേസമയം കള്ളക്കടത്തുമായി തനിക്കോ യു.എ.ഇ കോണ്‍സുലേറ്റിനോ ബന്ധമില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറഞ്ഞു.

നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴിനല്‍കി. സരിത്തിന്റെ ഇടപാടുകള്‍ പലതും നിയമവിരുദ്ധമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കാര്‍ഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത പണമിടപാടിലും ദുരൂഹതയുണ്ടെന്നും വ്യക്തമാക്കുന്നു.

കാര്‍ഗോ ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്താണ്. യു.എ.ഇയിലെ ഫീസില്‍ എന്നയാള്‍ വഴിയാണ് ബുക്കിംഗ് നടത്തിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള കള്ളക്കടത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പി.ആര്‍.ഒയും ഒന്നാംപ്രതിയുമായ സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more