തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയത് യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍. പ്രതി സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണം എത്തിയത്.
അതേസമയം കള്ളക്കടത്തുമായി തനിക്കോ യു.എ.ഇ കോണ്‍സുലേറ്റിനോ ബന്ധമില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറഞ്ഞു.
നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴിനല്‍കി. സരിത്തിന്റെ ഇടപാടുകള്‍ പലതും നിയമവിരുദ്ധമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കാര്‍ഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത പണമിടപാടിലും ദുരൂഹതയുണ്ടെന്നും വ്യക്തമാക്കുന്നു.
കാര്‍ഗോ ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്താണ്. യു.എ.ഇയിലെ ഫീസില്‍ എന്നയാള്‍ വഴിയാണ് ബുക്കിംഗ് നടത്തിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള കള്ളക്കടത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.