തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. ഈ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കാനാവില്ലെന്ന് കസ്റ്റംസ് അറിയിച്ചു.
‘അധികാര കേന്ദ്രങ്ങളില്‍ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് സ്വപ്ന. വിദേശത്തെയടക്കം ഒട്ടേറെ ഉന്നത വ്യക്തികളുമായുള്ള ബന്ധം അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്’, കസ്റ്റംസ് പറഞ്ഞു.
സമൂഹത്തില്‍ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയില്‍ പറയുന്നുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയര്‍ന്ന രാഷ്ട്രീയ, പൊതു വ്യക്തികളിലേക്കും എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.
അതേസമയം സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തി. കോഫെപോസെ ചുമത്തിയാല്‍ ഒരു വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെക്കാം. സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്തിക്കൊണ്ടുള്ള വാറണ്ട് പുറത്തിറങ്ങി. വാറണ്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറാനുള്ള നടപടികള്‍ വൈകാതെ കസ്റ്റംസ് സ്വീകരിക്കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിട്ടില്ല. അവര്‍ ഇപ്പോഴും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
സാധാരണയായി, കസ്റ്റംസ് കേസുകളിലും ഡി.ആര്‍.ഐ. കേസുകളിലും പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് കോഫെപോസ ചുമത്തുന്നത്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് മുന്‍പ് നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ പരിശോധിച്ചാല്‍, കേസിലെ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതികളെ കോഫെപോസ പ്രകാരം വീണ്ടും കരുതല്‍ തടങ്കലില്‍ വെക്കുകയാണ് ചെയ്തിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Gold Smuggling Swapna Suresh Customs