| Wednesday, 7th October 2020, 4:23 pm

90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ എന്ത് തെളിവാണുള്ളതെന്ന് എന്‍.ഐ.എയോട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ എന്ത് തെളിവാണുള്ളതെന്ന് എന്‍.ഐ.എയോട് കോടതി. കള്ളക്കടത്തില്‍ യു.എ.പി.എ ആണോ പ്രതിവിധിയെന്നും കോടതി ചോദിച്ചു.

90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ എന്നും കോടതി എന്‍.ഐ.എയെ പരിഹസിച്ചു. അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണിതെന്ന് എന്‍.ഐ.എ കോടതിയില്‍ ആവര്‍ത്തിച്ചു.

കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ഏതെങ്കിലും തരത്തില്‍ ഈ പ്രതികള്‍ തീവ്രവാദത്തിന് വേണ്ടി ഉപയോഗിച്ചു എന്നതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.

നേരത്തെയും സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.പി.എ എങ്ങനെ നിലനില്‍ക്കുമെന്നും നികുതി വെട്ടിപ്പല്ലേയെന്നും സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.

അതേസമയം സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് സ്വപ്ന സുരേഷ് എന്‍ഫോഴ്മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടിരുന്നെന്നും സ്വപ്ന നല്‍കിയ മൊഴിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ ഈ മൊഴിയുള്ളത്.

യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷം പുതിയൊരു ജോലി തേടാന്‍ അടുത്തസുഹൃത്തുകൂടിയായ ശിവശങ്കറിന്റെ സഹായം തേടിയിരുന്നു. സ്പേസ് പാര്‍ക്കില്‍ പുതിയ ഒരു ഓപ്പണിങ് ഉണ്ടെന്നും ഒരു ബയോഡാറ്റ തയ്യാറാക്കി പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് അയക്കാനും റഫറന്‍സായി തന്റെ പേരു വെക്കാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ബയോഡാറ്റ അയച്ചു. ഇതിന് ശേഷം കെ.എസ്.ടി.എ.എല്‍ എം.ഡി ഡോ. ജയശങ്കറിനെ കാണാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗികമായി സ്പേസ്പാര്‍ക്കില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്.

സ്പേസ് പാര്‍ക്കിലെ കാര്യം അറിയിച്ചപ്പോള്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി താന്‍ സംസാരിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്റെ നിയമനം അറിഞ്ഞിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു.

എട്ട് തവണ ഔദ്യോഗികമായി ശിവശങ്കറിനെ കണ്ടിരുന്നു. ഇതില്‍ ആറ് തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഔദ്യോഗികമല്ലാതെ നിരവധി തവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മൊഴിയില്‍ പറയുന്നു.

എന്നാല്‍ സ്വപ്നയുടെ നിയമനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയും ഓഫീസും നേരത്തെ പറഞ്ഞത്. നിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക സമിതിയെ മുഖ്യമന്ത്രി നിയോഗിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന് നിയമനത്തില്‍ പങ്കില്ലെന്നായിരുന്നു സമിതിയും കണ്ടെത്തിയത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ മൊഴിയാണ് സ്വപ്ന ഇ.ഡിക്ക് നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gold Smuggling NIA Court

Latest Stories

We use cookies to give you the best possible experience. Learn more