തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ജിഫ്‌സല്‍ സി, മലപ്പുറം സ്വദേശി അബൂബക്കര്‍ പി, കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശി പി അബ്ദുള്‍ ഹമീദ് എന്നിവരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തത്.
തിങ്കളാഴ്ച തന്നെ ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇന്ന് മാത്രമാണ് വിവരം പുറത്തുവിട്ടത്. മലപ്പുറത്തെ മലബാര്‍ ജ്വല്ലറി, അമീന്‍ ഗോള്‍ഡ്, കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളില്‍ ഇന്ന് എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു.
അമീന്‍ ഗോള്‍ഡിന്റെ ഉടമയാണ് അബ്ദുള്‍ ഹമീദ്, അമ്പി ജ്വല്ലറിയുടെ ഉടമയാണ് ഷംസുദ്ദീന്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അഞ്ച് പേര്‍ കൂടി കേസില്‍ പിടിയിലാവാനുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് ഉടന്‍ സമന്‍സ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് സ്വപ്നാ സുരേഷും അനില്‍ നമ്പ്യാരും ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടതായി പറയുന്നത്.
സ്വപ്നയും അനില്‍ നമ്പ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.ജൂലൈ അഞ്ചാം തിയ്യതിയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്.
താന്‍ സ്വപ്നയെ വിളിച്ചത് കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണെന്ന ധാരണയിലാണെന്നാണ് ഇതിന് അനില്‍ നമ്പ്യാര്‍ നല്‍കിയ വിശദീകരണം. യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സര്‍ക്കാര്‍ വകുപ്പിലേക്ക് മാറിയ കാര്യം തനിക്കറിയില്ലായിരുന്നെന്നുമാണ് അനില്‍ നമ്പ്യാര്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക