| Monday, 13th July 2020, 5:15 pm

സ്വര്‍ണ്ണക്കടത്ത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ല, തീവ്രവാദപ്രവര്‍ത്തനത്തിനെന്ന് എന്‍.ഐ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് സംഭവത്തിന് പിന്നില്‍ തീവ്രവാദ പ്രവര്‍ത്തനമെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്ത് നടത്തിയത് ജ്വല്ലറികള്‍ക്കു വേണ്ടിയല്ലെന്നും ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും കോടതിയില്‍ ഹാജരാക്കിയശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് എന്‍.ഐ.എ കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ കോടതിയിലെത്തിച്ചത്.

പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും എന്‍.ഐ.എ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നാണ് എന്‍.ഐ.എയുടെ നിലപാട്.

അതുകൊണ്ടു തന്നെ ഇരുവരെയും ചോദ്യം ചെയ്താല്‍ മാത്രമേ കേരളത്തിലേക്ക് എത്തുന്ന സ്വര്‍ണം എവിടേക്കു പോകുന്നു, എവിടെനിന്ന് വരുന്നു, എന്തിനെല്ലാമാണ് ഇതു ചെലവഴിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കൂ. കൂടുതല്‍ ഇടപാടുകള്‍ എന്തെല്ലാമാണ് ഇവര്‍ നടത്തിയത് എന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും എന്‍.ഐ.ഐ, കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍.ഐ.എ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more