സ്വര്‍ണക്കടത്തില്‍ അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റിലെ പ്രമുഖരിലേക്ക്; പിടിയിലായ സരിത് നേരത്തെയും സ്വര്‍ണം കടത്തി; മുഖ്യ ആസൂത്രക ഒളിവില്‍
Kerala News
സ്വര്‍ണക്കടത്തില്‍ അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റിലെ പ്രമുഖരിലേക്ക്; പിടിയിലായ സരിത് നേരത്തെയും സ്വര്‍ണം കടത്തി; മുഖ്യ ആസൂത്രക ഒളിവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 12:50 pm

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ പ്രമുഖരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കള്ളക്കടത്തില്‍ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകയായ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും സരിത് മൊഴിനല്‍കി.

അതേസമയം പിടിയിലായ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരന്‍ പി.ആര്‍.ഒ അല്ലെന്ന് തെളിഞ്ഞു. ഒരിടപാടിന് 15 ലക്ഷം രൂപ വരെയാണ് കമ്മീഷന്‍ വാങ്ങിയിരുന്നതെന്നും എന്നും സരിത് വെളിപ്പെടുത്തി.

സ്വര്‍ണം വിമാനത്തിന് പുറത്തെത്തിക്കുകയായിരുന്നു സരിതിന്റെ പ്രധാന ചുമതല. നേരത്തെയും ഇയാള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന പേരിലാണ് സ്വര്‍ണം പുറത്തെത്തിച്ചിരുന്നത്.

കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്ന സരിത് പി.ആര്‍.ഒ ചമഞ്ഞ് പലരെയും തെറ്റിധരിപ്പിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.
പരിശോധിക്കാന്‍ എത്തിയവരെ സരിത് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തലുണ്ട്. സരിത്തിന്റെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് സരിത്.

അതേസമയം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന അന്വേഷണത്തിന് പൂര്‍ണ പിന്തുണ അറിയിച്ച് യു.എ.ഇ എംബസി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയിലാണ് സ്വര്‍ണം പിടികൂടിയത്.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ