| Thursday, 9th July 2020, 10:25 am

സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്. ഹരിരാജിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്.

കൊച്ചി ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. കേസില്‍ ഒരു യൂണിയന്‍ നേതാവ് ഇടപെട്ടു എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ഇയാള്‍ കേസില്‍ ഇടപെടാന്‍ ഉണ്ടായ സാഹചര്യമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സഹായത്തിനായി വിളിച്ച കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിലേക്ക് നേരത്തെ തന്നെ അന്വേഷണം വന്നിരുന്നു.

നയതന്ത്ര പാഴ്‌സലിലെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ഇയാളായിരുന്നു. പിടികൂടിയ പാക്കറ്റിന് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ പണിതെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്തിയതും ഏജന്റസ് അസോസിയേഷന്‍ നേതാവായിരുന്നു.

സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ച് പരിശോധിക്കും മുന്‍പ് യു.എ.ഇയിലേക്ക് തിരികെ അയപ്പിക്കാന്‍ ശ്രമിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ മുതല്‍ നേതാവിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും വീടുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് പലപ്പോഴും ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more