തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കരനോട് മുഖ്യമന്ത്രി വിശദീകരണം തേടും. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുമായിരിക്കും വിശദീകരണം തേടുക.
ഐ.ടി സെക്രട്ടറിയെ മാറ്റാന്‍ മുന്നണിയില്‍ നിന്നും സമ്മര്‍ദ്ദമേറുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. അതേസമയം സ്വപ്‌നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കസ്റ്റംസ് അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്‌ന സുരേഷിന് ഐ.ടി സെക്രട്ടറിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപമുയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം തേടാനൊരുങ്ങുന്നത്. എം. ശിവശങ്കരനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രട്ടറി കൂടിയാണ് ശിവശങ്കരന്‍.
കെ.എസ്.ഐ.ടി.എല്ലിന് കീഴില്‍ സ്‌പേസ് മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായിട്ടായിരുന്നു സ്വപ്നയെ നിയമിച്ചിരുന്നത്. താത്കാലിക നിയമനമായിരുന്നെങ്കിലും നിയമനത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് ആരോപണമുയര്‍ന്നതോടെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
തിരുവനന്തപുരം കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണം പിടികൂടിയ കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്‌ന സുരേഷ് എന്നാണ് കരുതപ്പെടുന്നത്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഞായറാഴ്ചയാണ് സ്വര്‍ണക്കടത്ത് വിവരം പുറത്തു വരുന്നത്. വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കടത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ