ഇടത് ബന്ധമെന്ന ബി.ജെ.പി ആരോപണം; സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
Gold Smuggling
ഇടത് ബന്ധമെന്ന ബി.ജെ.പി ആരോപണം; സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 1:12 pm

തിരുവനന്തപുരം: സ്വര്‍ണകടത്ത കേസില്‍ ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ്  പി  രാജനെയാണ് സ്ഥലം മാറ്റിയത് നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റം.

ഇന്നുതന്നെ കേരളത്തില്‍ നിന്നും ചുമതലയൊഴിയണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച വൈകീട്ടാണ് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തേക്ക് കേന്ദ്രം ഉത്തരവ് കൈമാറിയത്. ഇന്നാണ് അനീഷിന് ഉത്തരവ് കൈമാറിയത്. അടുത്ത മാസം പത്തിന് നാഗ്പൂരിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അനീഷ്  പി രാജനായിരുന്നു. ഫൈസല്‍ അടക്കമുള്ള ആളുകളിലേക്ക് അന്വേഷണമെത്തിച്ചതും ഇദ്ദേഹമായിരുന്നു.

എന്നാല്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ശ്രമങ്ങളുണ്ടായെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ അനീഷ്  പി  രാജനോട് പ്രതികരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തുകയായിരുന്നു.

ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അനീഷ് പി രാജന്  ഇടതുബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്ര ധനകാര്യം മന്ത്രാലയം ഇടപെട്ട് സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

ആരോപണങ്ങള്‍ക്കും പരസ്യ മറുപടിക്കും പിന്നാലെ അനീഷിനെ അന്വേഷണ ചുമതലയില്‍നിന്നും മാറ്റിയിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വിവേകിനാണ് അന്വേഷണ ചുമതല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ