കണ്ണൂര്‍: ചെമ്പലോട് മേഖല സെക്രട്ടറി സി. സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി. അര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്.
സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നും സജേഷ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. ഷാജര്‍ അറിയച്ചതായാണ് റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചുവന്ന കാര്‍ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് നോര്‍ത്ത് വില്ലേജ് സെക്രട്ടറി സി. സജേഷിന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അര്‍ജുന്‍ മൂന്നു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കരിപ്പൂരില്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ കണ്ണൂരില്‍നിന്നുപോയ സംഘം ഉപയോഗിച്ചത് ഈ കാറാണെന്ന വിവരം പുറത്തുവന്നിരുന്നു.
എന്നാല്‍, തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ കാര്‍ കൊണ്ടുപോയത് എന്നുകാട്ടി ആര്‍.സി. ഉടമയായ സജേഷ് പൊലിസില്‍ പരാതിനല്‍കിയിരുന്നു. കോയ്യോട് സര്‍വീസ് സഹകരണ ബാങ്കില്‍ അപ്രൈസറായ സജേഷ് ഡി.വൈ.എഫ്.ഐ. അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സി.പി.എം. മൊയാരം ബ്രാഞ്ചിലും അംഗമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Gold smuggling Arjun Ayanki C Sajesh expelled from DYFI