| Friday, 28th June 2013, 11:44 am

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ##സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 19,200 രൂപയിലെത്തി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2,400 രൂപയാണ് ഇന്നത്തെ വില.

മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. 2011 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് സ്വര്‍ണവില ഇത്രയും താഴുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. []

ബുധനാഴ്ച സ്വര്‍ണ വില 440 രൂപ ഇടിഞ്ഞ് 19680 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 1100ലധികം രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതിനിടെ, ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് പവന്‍വില ഒരവസരത്തില്‍ 19,480 രൂപയിലേക്ക് താഴ്ന്നിരുന്നു.

രാജ്യാന്തര വിപണിയിലെ വിലക്കുറവും ഡോളറിനെതിരേ രൂപയുടെ മൂല്യം താഴ്ന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പകരം അടുത്ത കുറച്ചു മാസങ്ങളിലേക്ക് ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടാകാന്‍ പ്രധാനകാരണമായി പറയുന്നത്.

ഈ മാസം 20,200 രൂപ നിരക്കില്‍ ആരംഭിച്ച സ്വര്‍ണവില ഇടയ്ക്ക് 20,920 വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് കുറയുകയായിരുന്നു.

അതേസമയം, വില കുറഞ്ഞുവെങ്കിലും വ്യാപാര തോത് ഉയരുന്നില്ല. പണപ്പെരുപ്പത്തിനെതിരെ സുരക്ഷിതമായ നിക്ഷേപമെന്ന വിശ്വാസത്തിന് ഇളക്കം തട്ടിയതും ചൈനയിലും ഇന്ത്യയിലും ആവശ്യം കുറഞ്ഞതും ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more