[]കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് മുതല്‍ കേരള ജ്വല്ലേഴ്‌സ് ഫെഡറേഷന്റെ നിയന്ത്രണത്തിലായിരിക്കും.
കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വില പ്രഖ്യപിക്കുക.
ബാങ്കിലെ സ്വര്‍ണത്തിന്റെ മൊത്തവിലയുടെ അടിസ്ഥാനത്തിലായിരിക്കും ഈ വില നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് ഏകീകൃത വില നിലവില്‍ വരാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കള്ളക്കടത്ത് വ്യാപകമാകുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അപ്രായോഗിക നികുതി സമ്പ്രദായവും സ്വര്‍ണവ്യാപാര മേഖലയെ തകര്‍ക്കുകയാണെന്ന് ഫെഡറേഷന്‍ പറഞ്ഞു. കച്ചവടത്തില്‍ 40 ശതമാനം വരെ ഇടിവനുഭവപ്പെടുന്നു. ഈ സമയത്ത് ഗള്‍ഫില്‍ 50 ശതമാനം വരെ കച്ചവടം വര്‍ദ്ധിച്ചു.
ഒരു ശതമാനമായിരുന്ന ഇറക്കുമതി തീരുവ കേന്ദ്രം പത്ത് ശതമാനമായി വര്‍ദ്ധിപ്പിച്ചു. രാജ്യത്ത് മറ്റെല്ലായിടത്തും ഒരു ശതമാനം വില്‍പന നികുതിയുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് അഞ്ച് ശതമാനമാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്തും നിലവാരം കുറഞ്ഞ സ്വര്‍ണം കച്ചവടം ചെയ്യുന്നതും വ്യാപകമായി.
സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ സ്വകാര്യ വ്യക്തികളുടെ പക്കലുള്ള സ്വര്‍ണം വിപണിയിലെത്തും. ഈ നിര്‍ദ്ദേശം പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.