പൊന്നില്‍ ആറാടി പൃഥ്വിരാജ്, പതിവ് തെറ്റിക്കാതെ അല്‍ഫോണ്‍സ്, ഗോള്‍ഡിലെ ആദ്യഗാനം പുറത്തിറക്കി
Entertainment news
പൊന്നില്‍ ആറാടി പൃഥ്വിരാജ്, പതിവ് തെറ്റിക്കാതെ അല്‍ഫോണ്‍സ്, ഗോള്‍ഡിലെ ആദ്യഗാനം പുറത്തിറക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th November 2022, 11:56 pm

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഗോള്‍ഡ് നാളെ തിയേറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക..

റിലീസിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

‘തന്നെ തന്നെ’ എന്ന് തുടങ്ങുന്ന ഗാനം മുന്‍ അല്‍ഫോണ്‍സ് ചിത്രങ്ങളിലേത് പോലെ വളരെ കളര്‍ഫുള്ളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശനാണ് സംഗീതം നല്‍കിയിരിക്കുന്നത്.വിജയ് യേശുദാസ്, രാജേഷ് മുരുകേശന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ അത്യുഗ്രന്‍ നൃത്തച്ചുവടുകളും പാട്ടിന് രസം പകരുന്നു.

പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും പാട്ടിലുണ്ട്. ഹാപ്പി മൂഡിലാണ് ഗാനം മുന്നോട്ട് പോകുന്നത്. സോഷ്യല്‍ മീഡിയില്‍ വൈറലാകാന്‍ സാധ്യതയുള്ള ഗാനത്തിന് ഇപ്പോള്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

വന്‍ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഗോള്‍ഡിന് വേണ്ടി കാത്തിരിക്കുന്നത്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്. പ്രേമം പോലെയും നേരം പോലെയും ഗോള്‍ഡും ഇന്‍പെര്‍ഫെക്ട് ആണെന്നാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസബുക്ക് പേജില്‍ കുറിച്ചത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് സ്വന്തമാക്കിയിരിക്കുന്ന ചിത്രംകൂടിയാണ് ഗോള്‍ഡ്. ഡിസംബര്‍ 1ന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന് ആറായിരത്തിലധികം ഷോകളാണുള്ളത്. വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ തിയേറ്റര്‍ റിലീസാണ്.

അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

CONTENT HIGHLIGHT: GOLD MOVIE SONG RELEASED