അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡിനോളം മറ്റൊരു സിനിമക്ക് വേണ്ടിയും ഈ അടുത്ത കാലത്ത് മലയാളികള്‍ ഇത്രയും കാത്തിരുന്ന് കാണില്ല. അങ്ങനെ, ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ എത്തുമ്പോള്‍ ആ കാത്തിരിപ്പിന്റെ ഫലം ഒരു സമ്പൂര്‍ണ തൃപ്തി നല്‍കുന്നില്ല.
ചില ഭാഗങ്ങളിലെ തിരക്കഥയിലും സംവിധാനത്തിലും മൊത്തത്തിലുള്ള എഡിറ്റിങ്ങിലും സിനിമ അല്‍ഫോണ്‍സ് പുത്രന്‍ വൈബ് നല്‍കുന്നുണ്ടെങ്കിലും, എത്ര വേവിച്ചിട്ടും പൂര്‍ണമായി പാകമാകാത്ത, രുചിക്കൂട്ടുകളിലേ പാളിപ്പോയ, അല്ലെങ്കില്‍ വെന്ത് കുഴഞ്ഞുപോയ തരത്തിലുള്ള ഒരു അനുഭവമാണ് സിനിമ നല്‍കുന്നത്.
(കഥയോ ട്വിസ്‌റ്റോ അധികമൊന്നും പറയുന്നില്ലെങ്കിലും, ഇനിയങ്ങോട്ട് സ്‌പോയിലറുകള്‍ കുറച്ചുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സിനിമ കാണാന്‍ ഉറപ്പിച്ചിട്ടുള്ളവര്‍ കണ്ടതിന് ശേഷം മാത്രം റിവ്യുവില്‍ തുടരുക)
ജോഷിയുടെ വീടും അവിടെ വീട്ടുമുറ്റത്ത് ആരോ പാര്‍ക്ക് ചെയ്തുപോകുന്ന ഒരു വണ്ടിയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളുമാണ് ഗോള്‍ഡില്‍ പറയുന്നത്. സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന ദിവസത്തിന് മുമ്പും ശേഷവുമുള്ള കുറച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കഥ മുഴുവന്‍ നടക്കുന്നത്.
കഥയേക്കാള്‍ പറഞ്ഞിരിക്കുന്ന രീതിക്ക് തന്നെയാണ് ഗോള്‍ഡില്‍ പ്രാധാന്യം. സിനിമയില്‍, സ്ത്രീധനം വാങ്ങിക്കുന്നവരെയും കൊടുക്കുന്നവരെയും സിനിമ ആര്‍ത്തിക്കാരും തട്ടിപ്പുകാരുമൊക്കെയാണ് കാണിച്ചിരിക്കുന്നത് എന്നൊരു കാര്യം കൂടിയുണ്ട്. എന്നാലും മുന്‍ ചിത്രങ്ങളിലേതു പോലെ മേക്കിങ്ങിന് തന്നെയാണ് ഇവിടെയും പ്രഥമ സ്ഥാനം.
അല്‍ഫോണ്‍സ് പുത്രന്‍ ഈ സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്ന വിവിധ മേഖലകളില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നത് എഡിറ്റിങ്ങാണ്. അദ്ദേഹത്തിന്റെ സിനിമകളുണ്ടാവുന്നത് എഡിറ്റിങ് ടേബിളിലാണ് എന്ന് പറയുന്നതിനെ, നേരത്തിനും പ്രേമത്തിനും ശേഷം ഗോള്‍ഡും ശരിവെച്ചിരിക്കുകയാണ്.
വളരെ പ്രെഡിക്ടബിളായ ചില സീനുകളെ പോലും ഉദ്വേഗഭരിതമാക്കുന്നത് ചിത്രത്തിന്റെ എഡിറ്റിങ്ങ് തന്നെയാണ്. കഥാഗതിയെ കുറിച്ച് ഐഡിയ കിട്ടിയ ശേഷവും സിനിമയുടെ ആസ്വാദനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതിന് തിരക്കഥക്കും സംവിധാനത്തിനുമൊപ്പം എഡിറ്റിങ്ങിനും തുല്യമായ പ്രാധാന്യമുണ്ട്.
ഫാസ്റ്റ് കട്ട്‌സ് അതിഗംഭീരമായാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യം പരാതി വായിച്ചു കൊടുക്കുന്ന സീനിലും, ചിത്രത്തില്‍ രണ്ട് പേര്‍ വരുന്ന മറ്റ് ചില ഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്ന രണ്ട് പാര്‍ട്ടുകളുള്ള ആ എഡിറ്റിങ്ങ് മികച്ചുനിന്നു. അതേസമയം ‘ഇതാ എഡിറ്റിങ്ങിലെ മറ്റൊരു ഐറ്റം’ എന്ന് പറഞ്ഞുവെച്ചിരിക്കുന്ന തരത്തിലുള്ള ചില ഭാഗങ്ങളുമുണ്ടായിരുന്നു.
എഡിറ്റേഴ്‌സും എഡിറ്റിങ്ങ് കൂടുതല്‍ ശ്രദ്ധിക്കുന്നവരുമൊക്കെ വരും ദിവസങ്ങളില്‍ ഇതേ കുറിച്ച് കൂടുതല്‍ സംസാരിച്ചേക്കാം. വി.എഫ്.എക്‌സ്, ആനിമേഷന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. അതേ കുറിച്ചും അഭിപ്രായങ്ങളും വിലയിരുത്തലുകളും ഉണ്ടാകുമെന്ന് കരുതുന്നു.
ആനന്ദ് സി. ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിലും പ്രേക്ഷകരെ ഇന്‍വോള്‍വ് ചെയ്യിപ്പിക്കുന്ന തരത്തില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. വളരെ ക്ലോസായ ഷോട്ടുകളും മൂവ്‌മെന്റുകളുമെല്ലാം സീക്വന്‍സുകളെ മനോഹരമാക്കുന്നുണ്ട്. നേരത്തിലും പ്രമേത്തിലും പാട്ടുകള്‍ ആ സിനിമയുടെ ഹൈലെറ്റായിരുന്നെങ്കില്‍, ഇവിടെ രാജേഷ് മുരുകേശന്റെ പാട്ടുകള്‍ അത്രമേല്‍ മനസില്‍ നില്‍ക്കുന്നില്ല. പക്ഷെ, പശ്ചാത്തലസംഗീതം ഗോള്‍ഡിന്റെ സിനിമാറ്റിക് എക്‌സ്പീരിയന്‍സിന് വലിയ പിന്തുണയാണ് നല്‍കുന്നത്.
ചിത്രത്തിലെ അടുത്ത പ്രധാന ഘടകം അഭിനേതാക്കളുടെ ബാഹുല്യം തന്നെയാണ്. ഒറ്റ സീനില്‍ മാത്രം ഒരു ഡയലോഗ് പോലും പറയാനില്ലാതെ സൗബിനെ പോലുള്ളവര്‍ വന്നുപോകുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും ചെയ്യാമായിരുന്ന റോളുകളിലാണ് ഒട്ടുമിക്ക അഭിനേതാക്കളും കടന്നുവരുന്നത്. എന്നാല്‍ ചിത്രത്തില്‍ ഒരു സമയത്തും ഇത്രയും പേര്‍ എന്തിനാണ് ഈ സിനിമയില്‍ എന്ന് തോന്നിയില്ല. ഷറഫുദ്ദീന്‍ വരുന്ന ഒരൊറ്റ സീന്‍ പോലെ ചിത്രത്തിന് എനര്‍ജി നല്‍കുന്ന ഭാഗങ്ങളുണ്ടായിരുന്നു.
പക്ഷെ, മുഴുനീളമെത്തുന്ന കഥാപാത്രങ്ങളില്‍ ചിലരുടെ കഥാപാത്രസൃഷ്ടി വല്ലാതെ അലോസരപ്പെടുത്തി. അതേ കുറിച്ച് പറയുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെയും പെര്‍ഫോമന്‍സിനെയും കുറിച്ച് പറയാം.
ഗോള്‍ഡിലെ ജോഷി ഈ അടുത്ത കാലത്ത് പൃഥ്വിരാജ് ചെയ്തതില്‍ ഏറെ മികച്ച പെര്‍ഫോമന്‍സാണ്. ബലം പിടുത്തവും ഒരേ രീതിയിലുള്ള ഡയലോഗ് പറച്ചിലും ശ്വാസമെടുക്കലും സ്ഥിരം ചിരിയുമെല്ലാം ഒഴിവാക്കിയാണ് ഇതില്‍ പൃഥ്വിരാജ് എത്തിയിരിക്കുന്നത്. സ്റ്റണ്ട് സീനുകളില്‍ പോലും ആ വ്യത്യാസം കാണാമായിരുന്നു. ചിത്രത്തില്‍ ഭൂരിഭാഗം സയമങ്ങളിലും ജോഷിയെ മാത്രമായിരുന്നു കാണാന്‍ സാധിച്ചത് എന്നത് ഗോള്‍ഡിന്റെ പ്രധാന പോസിറ്റീവ് ഘടകമാണ്.
ബാബുരാജും ജഗദീഷും ഷമ്മി തിലകനും മല്ലിക സുകുമാരനുമാണ് ചിത്രത്തില്‍ ഏറെ ഇഷ്ടപ്പെട്ട മറ്റ് പെര്‍ഫോമന്‍സുകള്‍. ക്യാരക്ടര്‍ ആര്‍ക്കില്ലാതെ ഒരേ രീതിയിലാണ് ഇവരുടെ കഥാപാത്രങ്ങള്‍ നീങ്ങുന്നത്. ഡയലോഗുകളും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പക്ഷെ വളരെ എന്‍ഗേജിങ്ങായിരുന്നു അത്. ഇവരുടെ പെര്‍ഫോമന്‍സ് മനസില്‍ നില്‍ക്കും.
വരുന്ന കുറച്ച് ഭാഗങ്ങളില്‍ നയന്‍താര രസിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സിനിമയിലെ നായിക എന്നെല്ലാം കൊട്ടിഘോഷിച്ചതിന്റെ ഏഴയലത്ത് വരുന്ന പ്രാധാന്യം നയന്‍താരയുടെ സുമംഗലി ഉണ്ണികൃഷ്ണനില്ല എന്നത് നിരാശപ്പെടുത്തി.
ലാലു അലക്‌സിന്റെ ഐഡിയ ഷാജിയും അജ്മലിന്റെ സുനീഷുമാണ് ചിത്രത്തില്‍ വര്‍ക്കാകാതെ പോയ കഥാപാത്രങ്ങള്‍. ഒരു കാരിക്കേച്ചര്‍ സ്വാഭാവമുള്ള ഇവരുടെ കഥാപാത്രസൃഷ്ടി ആ ആങ്കിളില്‍ മെച്ചപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും മിക്കവാറും സമയത്ത് ബോറടിപ്പിച്ചു.
ചിത്രത്തില്‍ ഇടക്ക് വരുന്ന ഒരു ബാന്‍ഡ് ഗ്രൂപ്പ് പാട്ടെല്ലാം ചേര്‍ത്ത് ഒരു വൈബായിരുന്നെങ്കിലും, ഒരേ സ്റ്റെപ്പ് ആവര്‍ത്തിച്ച് കളിച്ചു പഠിച്ച ആ ഡാന്‍സ് ടീമും അവര്‍ക്കൊപ്പമുണ്ടായിരുന്ന സൗബിനും ഗണപതിയും ഒരു വൈബും നല്‍കിയില്ല.
സിനിമയുടെ പ്രധാന പോരായ്മ തിരക്കഥയിലും സംവിധാനത്തിലും വന്ന പാളിച്ചകള്‍ മൂലം കുറച്ചധികം ലാഗടിപ്പിച്ച ആദ്യ പകുതിയാണ്. തുടക്കവും ചില ഭാഗങ്ങളുമെല്ലാം എന്‍ഗേജ് ചെയ്യിപ്പിച്ചെങ്കിലും പലയിടത്തും കണ്ടുകൊണ്ടിരിക്കെ തന്നെ സിനിമയുമായുള്ള കണക്ഷന്‍ വിട്ടുപോകുന്നുണ്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച പേസിലേക്ക് ചിത്രം നീങ്ങിയിരുന്നു. എന്നാല്‍ ക്ലൈമാക്‌സ് അതെല്ലാം നഷ്ടപ്പെടുത്തി.
ഉറുമ്പും ലഡുവും ഉപമയിലൂടെ വരുന്ന സിനിമയിലെ ആ അവസാന സന്ദേശത്തിലാണ് സിനിമ പൂര്‍ണമായും അല്‍ഫോണ്‍സിന്റെ കയ്യില്‍ നിന്നും പോയത്. അതുവരെ ഇടക്ക് ചെറിയ ലാഗടിച്ചിരുന്നെങ്കിലും എന്റര്‍ടെയ്‌നിങ്ങായി തന്നെയാണ് സിനിമ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ആ ക്ലൈമാക്‌സ് സീന്‍ മനസില്‍ അവശേഷിക്കുന്നത് കൊണ്ട് തന്നെ ഗോള്‍ഡിന്റെ നിരാശയുടെ കനം കുറച്ച് കൂടി വര്‍ധിച്ചു.
ഈ അവസാന ഭാഗങ്ങള്‍ ഇനി പൃഥ്വിരാജ് എഴുതി സംവിധാനം ചെയ്തതാണോ എന്നുവരെ തോന്നിപ്പോയിരുന്നു. അതല്ല, സമീപകാലത്ത് അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയിരുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ തുടര്‍ച്ചയാണോ ഇതെന്നും തോന്നിയിരുന്നു.