പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.
സിനിമകളില്‍ ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസറ്റുകളാണെന്നാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ലിസ്റ്റിന്‍ കുറിച്ചത്. റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ് എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിസ്റ്റിന്‍ പറയുന്നു.
‘സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ. റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്. Wait and see,’ ലിസ്റ്റിന്‍ കുറിച്ചു.
അടുത്തിടെ ചിത്രത്തിന്റെ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായെന്നും ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും ബാബുരാജ് അടുത്തിടെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ഗോള്‍ഡ്…പെര്‍ഫെക്ഷന് വേണ്ടി കുറച്ചധികം നാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രനും ടീമിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്’ എന്നാണ് ബാബുരാജ് എഴുതിയിരുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബാബുരാജ് റിലീസിനെ കുറിച്ച് സംസാരിച്ചിരുന്നത്.
ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് കരുതിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഗോള്‍ഡിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. മികച്ച ഒരു വിഭവം തയ്യാറാക്കുന്നതിന് വേണ്ടി എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു ചിത്രത്തിന്റെ എഡിറ്റര്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ റിലീസ് വൈകുന്നതിനെ കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പുറത്തുവന്നിരുന്നു.
പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഒറ്റ കാരണം തന്നെയാണ് ഗോള്‍ഡിനായി ആരാധകരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പും ഗോള്‍ഡിനുണ്ട്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററും ട്രെയ്‌ലറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍, മല്ലിക സുകുമാരന്‍, സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്ന റെജി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം, തമിഴ്‌നാട്ടില്‍ റെക്കോഡ് വിതരണാവകാശ തുകയാണ് ഗോള്‍ഡിന് ലഭിച്ചത്. എസ്.എസ്. ഐ പ്രൊഡക്ഷന്‍സ് 1.25 കോടിക്കാണ് ഗോള്‍ഡിന്റെ വിതരണാവകാശം നേടിയത്. ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
മുമ്പ് റിലീസ് ചെയ്ത പ്രേമം ഉണ്ടാക്കിയ ഇമ്പാക്റ്റ് ആണ് ഇതിന് പ്രധാന കാരണം. കേരളത്തിനൊപ്പം അല്ലെങ്കില്‍ കേരളത്തിനേക്കാള്‍ ജനപ്രീതി നേടിയിരുന്നു പ്രേമം തമിഴ്‌നാട്ടില്‍. ചിത്രം 275 ദിവസങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു.
Content Highlight: gold movie release date announced by listin stephen