| Thursday, 29th December 2022, 9:50 pm

'ഗോള്‍ഡ് അല്‍ഫോണ്‍സ് പുത്രന്‍ ചെയ്ത സിനിമ തന്നെയാണോ'; ഒ.ടി.ടിയിലും ശരിക്ക് വെന്തില്ലെന്ന് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഗോള്‍ഡിന്റെ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്.

ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടിലായിരുന്നു. ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്.

ഗോള്‍ഡ് അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണോയെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ ഷൂട്ട് ചെയ്ത കുറച്ച് ഫൂട്ടേജുകള്‍ സ്‌കൂള്‍ കുട്ടികളെ വെച്ച് മൊബൈലില്‍ എഡിറ്റ് ചെയ്യിച്ചതാണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

പിക്‌സ്ആര്‍ട്ട് ഉപയോഗിച്ച് എഡിറ്റ് ചെയ്തത് പോലെ ഉണ്ടെന്നും പല എഫക്ട്‌സുകളും നിര്‍ബന്ധമായി ഇടണമെന്ന നിര്‍ദ്ദേശമുള്ളത് പോലെയാണ് എഡിറ്റ് ചെയ്ത് വെച്ചിരിക്കുന്നതെന്നുമാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ കുറിക്കുന്നത്.

ഗണപതിയും സൗബിനും ചിത്രത്തില്‍ ആരാണെന്നാണ് ചിലരുടെ സംശയം. ഷൂട്ടിങ് കാണാന്‍ വന്നപ്പോള്‍ ചാന്‍സ് കൊടുത്തത് പോലെ ഒരുപാട് ആളുകള്‍ എന്തിനോ വന്ന് പോകുന്നത് പോലെയുണ്ടെന്നുമാണ് അഭിപ്രായപ്പെടുന്നത്.

എട്ട് വര്‍ഷത്തിന് ശേഷമുള്ള അല്‍ഫോണ്‍സ് ചിത്രം എന്ന പ്രതീക്ഷയില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ഗോള്‍ഡിനായി കാത്തിരുന്നത്. നയന്‍താരയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ഗോള്‍ഡിന് വലിയ സ്വീകാര്യതയുണ്ടായിരുന്നു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിച്ചത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് നയന്‍താരയെത്തിയത്.

ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

content highlight: gold movie ott reactions

We use cookies to give you the best possible experience. Learn more