പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് ഗോള്‍ഡ്. ഏറെ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ സചിത്രം പക്ഷെ പ്രേക്ഷകരെ നിരാശരാക്കുന്നതായിരുന്നു.
ചിത്രം ഒ.ടി.ടിയില്‍ റിലീസായതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് ചിത്രവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. കഥയുമായി ഒരു ബന്ധവുമില്ലാത്ത അനവധി താരങ്ങളെക്കുറിച്ചും നയന്‍താരയുടെ റോളിനേക്കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ട്.
കൂടാതെ ചിത്രത്തില്‍ ചില തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. ലോജിക്കില്ലായ്മയും ചില മിസ്‌റ്റേക്കുകളും ഇത്തരത്തില്‍ ചിത്രത്തിലുണ്ട്. മൂവി മാനിയ മലയാളം എന്ന യൂട്യൂബ് ചാനലിലാണ് ഗോള്‍ഡിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയില്‍ ഗസ്റ്റ് റോളുകളായി വരുന്നുണ്ട്. പക്ഷെ അവര്‍ക്കെല്ലാം ചെയ്യാന്‍ ചെറുതാണെങ്കിലും റോളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സൗബിനും ഗണപതിയും എന്തിനാണ് വെറുതെ ഡാന്‍സ് കളിച്ചതെന്ന് മനസിലാകുന്നില്ല. അതുപോലെ തന്നെയാണ് ചിത്രത്തില്‍ മറീനയുടെയും ടീമിന്റെയും ഡാന്‍സ്.
സിജു വില്‍സന്റെയും ടീമിന്റെയും പാട്ട് സീന്‍ വലിയ കുഴപ്പമില്ലെങ്കിലും ഇടക്കിടക്ക് കയറി വരുന്ന മറീനയുടെയും സംഘത്തിന്റെ ഡാന്‍സ് സിനിമയുടെ കഥയുമായി ഒരു ബന്ധവും ഇല്ലാത്തത് പോലെയാണ് അനുഭവപ്പെടുന്നത്. ഈ ഒരു കാര്യം പലരും ചൂണ്ടികാണിച്ചിട്ടുള്ളതാണ്.
മറ്റൊന്ന്, പൊലീസ് വണ്ടി കൊണ്ടു പോകുന്നുണ്ടെന്ന് അറിഞ്ഞ് വളരെ ധൃതിപ്പെട്ടാണ് ജോഷി സ്പീക്കറുകള്‍ മാറ്റിവെക്കുന്നത്. അതില്‍ ആദ്യത്തെ ബോക്സ് സ്പീക്കര്‍ പറഞ്ഞ ദിവസം തന്നെ കടക്കാരന്‍ എത്തിക്കുന്നുണ്ടെങ്കിലും പിന്നീടുള്ള ആറ് ബോക്സുകള്‍ ഡ്രൈവര്‍ ഇല്ല എന്ന കാരണം കൊണ്ട് ഒരു ദിവസം വൈകിയാണ് കടക്കാരന്‍ ജോഷിക്ക് എത്തിക്കുന്നത്.
ഏറ്റവും അവസാനം എത്തുന്നത് കൊണ്ടാണ് വളരെ പണിപ്പെട്ട് ജോഷിക്ക് സ്പീക്കര്‍ മാറ്റേണ്ടി വരുന്നത്. എന്നാല്‍ സ്പീക്കര്‍ കൊണ്ടുവരാന്‍ ഡ്രൈവര്‍ ഇല്ലയെന്ന് പറയുമ്പോള്‍ ജോഷിക്ക് തന്റെ പുതിയ കാര്‍ എടുത്ത് ആറ് ബോക്സുകളും കൊണ്ടുവരാമായിരുന്നു. അങ്ങനെയാണെങ്കില്‍ അവസാന സമയത്തെ വെപ്രാളം ഒഴിവാക്കാനും അത് വഴി ആ നാല് ബോക്‌സ് കൂടി മാറ്റി വെക്കാന്‍ ജോഷിക്ക് സാധിക്കുമായിരുന്നു. ഡ്രൈവര്‍ ഇല്ലാത്തത് കൊണ്ട് വൈകുമെന്ന കാര്യം നേരത്തെ അറിഞ്ഞിട്ടും അത് അങ്ങോട്ട് പോയി വാങ്ങിക്കാനുള്ള ബുദ്ധിപോലും ജോഷി കാണിക്കുന്നില്ല.
ഗോള്‍ഡ് ആണ് ഉള്ളിലുള്ളതെന്ന് അറിയുന്നില്ലെങ്കിലും അങ്ങനെ ഒരു വണ്ടി അത്രയും സ്പീക്കറുകളോടെ ഒരു വീടിന്റെ ഗേറ്റിനടുത്ത് രാത്രി കൊണ്ട് ഉപേക്ഷിച്ചതും ആ വണ്ടിക്ക് ഫേക്ക് നമ്പര്‍ ആണെന്ന് അറിഞ്ഞിട്ടും അതിന്റെ പിന്നില്‍ എന്താണ് കാരണമെന്ന് പൊലീസുകാര്‍ അന്വേഷിക്കുന്നില്ല. അത്രയും ദിവസം ഒരു വണ്ടി വീട്ടുമുറ്റത്ത് കിടന്നിട്ടും അത് ഒന്ന് തുറന്ന് നോക്കാനോ പരിശോധിക്കാനോ പൊലീസുകാര്‍ ശ്രമിച്ചില്ല.
സിനിമയിലെ ഏറ്റവും ലോജിക്കില്ലാത്ത കഥാപാത്രമാണ് ഉണ്ണി കൃഷ്ണന്‍ എന്ന ഷമ്മി തിലകന്‍ ചെയ്ത റോള്‍. 90 കോടി വിലയുള്ള ഗോള്‍ഡാണ് ആ കഥാപാത്രം മകളുടെ കല്യാണം മുടങ്ങുന്നതോടെ നിസാരമായി ഒഴിവാക്കുന്നത്. ആയിരം കോടി സമ്പാദ്യമുള്ള ഒരാളായാല്‍ പോലും നൂറ് കോടി നിസാരമായി തള്ളികളയുമെന്ന് തോന്നുന്നില്ല.
സിനിമയുടെ അവസാനം മുഖ്യമന്ത്രിക്ക് ജോഷി 85 കോടി രൂപ കൊടുത്ത് പറയുന്നത് 40 കോടി രൂപക്ക് 10 ലക്ഷം രൂപ വരുന്ന 400 വീടുകള്‍ പണിയാനും ബാക്കി വരുന്ന 45 കോടിക്ക് 25000 രൂപ വരുന്ന 180000 ലാപ്‌ടോപ്പുകള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കാനും പറയുന്നുണ്ട്. വീടിന്റെ കണക്ക് ഓക്കെയാണെങ്കിലും ലാപ്‌ടോപ്പിന്റെ കണക്കില്‍ പാളിച്ചയുണ്ട്.
180000 കുട്ടികള്‍ 25000 രൂപ വില വരുന്ന ലാപ്‌ടോപ്പുകള്‍ വാങ്ങി കൊടുക്കാന്‍ 45 കോടി രൂപ പോര. 450 കോടി രൂപയാണ് വേണ്ടത്. അതുകൊണ്ട് 45 കോടിക്ക് വെറും 18000 ലാപ്‌ടോപ്പുകള്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുകയുള്ളു. ഇത്തരത്തില്‍ നിരവധി ലോജിക്കില്ലായ്മകള്‍ അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡിലുണ്ട്.
content highlight: gold movie illogical things and mistakes