'എനിക്ക് ഷൂ വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ല, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്താണെന്നുപോലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു'; ലോകചാംപ്യന്‍ഷിപ്പിലേക്ക് ഓടിക്കയറിയ ഹിമാദാസ് പറയുന്നു
Sport-News
'എനിക്ക് ഷൂ വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ല, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്താണെന്നുപോലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു'; ലോകചാംപ്യന്‍ഷിപ്പിലേക്ക് ഓടിക്കയറിയ ഹിമാദാസ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2019, 2:46 pm

അസമിലെ ഒരു കുഗ്രാമത്തില്‍നിന്നാണ് ഹിമാ ദാസ് ഓസ്‌ട്രേലിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡലിലേക്ക് ഓടിക്കയറിയത്. അതിവേഗ ഓട്ടക്കാരിയെന്ന പേരിലേക്കുള്ള വഴി തന്നെ സംബന്ധിച്ചിടത്തോളം കയ്‌പേറിയ അനുഭവങ്ങളിലൂടെയായിരുന്നെന്ന് പറയുകയാണ് ഹിമ. ഷൂ വാങ്ങാന്‍ പോലം കഴിയാതിരുന്ന തന്റെ ജീവിത യാത്രയെക്കുറിച്ച് ഈ ലോക ചാംപ്യന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

‘അച്ഛനും അമ്മയും കര്‍ഷകരായിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഒരിക്കലും ഞങ്ങളുടെ പക്കല്‍ ആവശ്യമായ പണം ഉണ്ടായിരുന്നില്ല. എന്നിരുന്നാല്‍ക്കൂടിയും എന്റെ മാതാപിതാക്കള്‍ എന്നോട് ആകാവുന്നതില്‍ ഏറ്റവും മികച്ചിതിലേക്കെത്താന്‍ പറയുമായിരുന്നു’, ഫേസ്ബുക്ക് പോസ്റ്റില്‍ ഹിമ പറയുന്നു.

കോമണ്‍വെല്‍ത്ത് ഗെയിം എന്നാല്‍ എന്താണെന്നുപോലും തന്റെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നെന്ന് ഹിമ പറയുന്നു. എന്നാല്‍പ്പോലും താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത ടിവിയിലൂടെ അറിഞ്ഞ നിമിഷം അവര്‍ അത്യധികം സന്തോഷിച്ചെന്നും ഹിമ കുറിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷൂ ഇല്ലാതെ ഫുട്‌ബോള്‍ പ്രാക്ടീസ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂളിലെ പരിശീലകനാണ് ഹിമയുടെ വേഗതയെ ആദ്യം മനസിലാക്കിയതെന്നും കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് അധ്യാപകനാണ് ഹിമയോട് ജില്ലാ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. ആ മത്സരത്തില്‍ നേടിയ വിജയമാണ് ഹിമയുടെ കരിയറിലേക്ക് തുറന്നുകിട്ടിയ ആദ്യ വാതില്‍.

‘എന്റെ സാധ്യത മനസിലാക്കിയ പരിശീലകര്‍ എന്നോട് അസമില്‍ വച്ചുനടക്കുന്ന ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ പറഞ്ഞു. വീട് വിട്ടുനില്‍ക്കുന്നതില്‍ ആശങ്കയുണ്ടായിരുന്ന എനിക്ക് അച്ഛനാണ് എല്ലാ ധൈര്യവും പകര്‍ന്നുതന്നത്’ ഹിമ പറയുന്നു.

തുടര്‍ന്ന് ക്യാമ്പില്‍ വച്ച് ലഭിച്ച പരിശീലനത്തെക്കുറിച്ചും ഹിമ വിവരിക്കുന്നുണ്ട്. ‘അന്നുമുതല്‍ നടത്തിയ കഠിനാധ്വാനം എന്നെ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുന്നതിലേക്ക് നയിച്ചു. അതില്‍ ഞാന്‍ ഏഴാമതും പിന്നീട് ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനക്കാരിയുമായി. ‘ ഹിമ പറയുന്നു.

‘പിന്നീട് ഏഷ്യന്‍ ഗെയിംസിലും ഐ.എ.എ.എഫ് വേള്‍ഡ് അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഞാനാണ് ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി’, ഹിമ കൂട്ടിച്ചേര്‍ത്തു.

2018ലാണ് ചരിത്രംകുറിച്ച് 20 വയസിന് താഴെയുള്ളവരുടെ ലോക ചാംപ്യന്‍ഷിപ്പില്‍ ഹിമ ഗോള്‍ഡ്‌മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുന്നത്.

‘അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ തന്നെ ഞങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ എനിക്ക് സ്‌പോട്‌സില്‍ വലിയ താല്‍പര്യമായിരുന്നു, പ്രത്യേകിച്ചും ഫുട്‌ബോളില്‍. പക്ഷേ, പണമില്ലാത്തത് പരിശീലനം നേടുന്നതില്‍നിന്നും മറ്റും എന്നെ തടഞ്ഞു. അച്ഛന് എനിക്ക് പരിശീലനം നല്‍കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള സാഹചര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല’.

‘ഇന്ന് എനിക്ക് രാഷ്ട്രപതി അര്‍ജ്ജുന അവാര്‍ഡ് നല്‍കി. ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി നിരവധി മെഡലുകള്‍ കരസ്തമാക്കി. ആയിരക്കണക്കിന് ആളുകള്‍ എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാറുണ്ടെന്ന് എന്നോട് പറയാറുണ്ട്’, ഹിമ അഭിമാനത്തോടെ പറയുന്നു.

‘ജീവിതം അതിവേഗം മാറി. കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് വീട്ടിലേക്ക് വിളിച്ചുപറഞ്ഞത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. അവര്‍ക്ക് അത് എന്താണെന്നുപോലും അറിയുമായിരുന്നില്ല. പക്ഷേ, അവര്‍ അതീവ സന്തോഷത്തിലായിരുന്നു’.

‘എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടെന്ന് കരുതുക, എങ്കില്‍ അതിനെ അതിന്റെ ഏറ്റവും ഉന്നതങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. കൂടെ ആരുണ്ട് എന്നതോ നിങ്ങള്‍ക്ക് ചുറ്റും എന്ത് നടക്കുന്നു എന്നതോ ഗൗനിക്കേണ്ടതില്ല. നിങ്ങള്‍ എത്രത്തോളം അതിന് തയ്യാറാണ് എന്നത് മാത്രമാണ് വിഷയം. നിങ്ങള്‍ക്കെത്രത്തോളം നിശ്ചയദാര്‍ഢ്യമുണ്ടെന്നതും നിങ്ങള്‍ക്ക് നിങ്ങളില്‍ എത്രത്തോളം വിശ്വാസമുണ്ട് എന്നതുമാണ് പരിഗണിക്കേണ്ടത്. കാരണം, മറ്റൊന്നുമല്ല നിങ്ങളുടെ പ്രതീക്ഷ മാത്രമാണ് നിങ്ങളെ എത്തേണ്ടിടത്ത് എത്തിക്കുന്നത്’ ഹിമ പോസ്റ്റില്‍ കുറിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിമയുടെ ഫേസ്ബുക്ക് പോസ്റ്റ് നിമഷനേരം കൊണ്ടുതന്നെ വൈറലാവുകയായിരുന്നു. ഹിമയുടെ വാക്കുകള്‍ പ്രചോദനമാവുന്നെന്നാണ് പലരും പങ്കുവക്കുന്നത്.