| Sunday, 20th April 2014, 12:10 am

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയിട്ടില്ലെന്ന് സ്വര്‍ണ്ണപ്പണിക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയിട്ടില്ലെന്ന് സ്വര്‍ണ്ണപ്പണിക്കാരന്‍ രാജു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ തന്ന 17 കിലോ സ്വര്‍ണ്ണവും ക്ഷേത്രത്തിലെ സീലിങ് പണികള്‍ക്ക് ഉപയോഗിച്ചതായി രാജു പറഞ്ഞു.

ഒരുതരി സ്വര്‍ണംപോലും ക്ഷേത്രത്തിന് പുറത്ത് കൊണ്ടുപോയിട്ടില്ല. ക്ഷേത്രത്തിനകത്ത് തന്നെയാണ് സ്വര്‍ണ്ണമുള്ളത്്. അമ്പലത്തിലെ പണിക്ക് 10 ലക്ഷം രൂപ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മുന്‍കൂറായി നല്‍കി- രാജു വ്യക്തമാക്കി.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നല്‍കിയ സ്വര്‍ണം ഉപയോഗിച്ച് സീലിങ് പണിത വിവരം അമിക്കസ് ക്യൂറിയെ അറിയിച്ചിരുന്നെന്നും  അദ്ദേഹം അത് കണ്ടിരുന്നെന്നും രാജു പറഞ്ഞു. ഒരു സ്വര്‍ണ്ണവും പുറത്തു കൊണ്ടു വന്നിട്ടില്ലെന്നും അങ്ങിനെയൊരു സംഭവവും നടന്നിട്ടില്ലെന്നും ഉറപ്പിച്ച് പറഞ്ഞ രാജു ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി.

സ്വര്‍ണ്ണം പൂശുന്ന യന്ത്രം ഉണ്ടെന്ന വാദവും തെറ്റാണെന്നും അത് തകിട് അടിക്കുന്ന യന്ത്രമാണെന്നും രാജു പറഞ്ഞു. തന്റെ മൊഴി വീഡിയോയില്‍ രേഖപ്പെടുത്തിയോ എന്ന കാര്യം അറിയില്ലെന്നും അതേസമയം മൊഴി എഴുതി ഒപ്പിട്ട് വാങ്ങിയതായും രാജു പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്ന് 17 കിലോ സ്വര്‍ണ്ണവും ശരപ്പൊളിമാലയും ലഭിച്ചെന്ന് സ്വര്‍ണ്ണപണിക്കാരന്‍ മൊഴി നല്‍കിയതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

രാജകുടുംബത്തെയും സംസ്ഥാന സര്‍ക്കാറിനെയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും മണ്ണില്‍ കലര്‍ത്തിയും സ്വര്‍ണം കടത്തിയെന്നും തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് പണിപ്പുരയിലെത്തിച്ച സ്വര്‍ണം അവിടെ നിന്നും കടത്തുകയായിരുന്നെന്നും അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം  സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനും കുടുംബത്തിനുമെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങാണുളളത്. സംഭാവനയായി ലഭിക്കുന്ന വിദേശ കറന്‍സികള്‍ ക്ഷേത്രം വെട്ടിപ്പ് നടത്തുന്നെന്നും  ക്ഷേത്രസ്വത്ത് രാജകുടുംബം സ്വകാര്യ സ്വത്ത് പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

എങ്കില്‍ രാജാവ് മടങ്ങിവരട്ടെ!

പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറനിധി എന്തുചെയ്യണം?

We use cookies to give you the best possible experience. Learn more