കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ പേര് ദുരുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ഈ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
കല്യാണ്‍ ജൂവലേഴ്‌സിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 22 കാരറ്റ് സ്വര്‍ണം സമ്മാനമായി നേടാം എന്ന് പറഞ്ഞ് വാട്ട്‌സ്ആപ്പിലും സമൂഹ മാധ്യമങ്ങളിലും സന്ദേശങ്ങളയച്ചാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ ഓരോന്നായി ആവശ്യപ്പെടുകയാണ്.
ഈ സമ്മാന പദ്ധതിയുമായി കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന് യാതൊരു ബന്ധമില്ലെന്ന് കല്യാണ്‍ ജൂവലേഴ്‌സ് വ്യക്തമാക്കി. ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂര്‍ പോലീസിലെ സൈബര്‍ ക്രൈം വിഭാഗത്തില്‍ കമ്പനി പരാതി നല്കുകയും അന്വേഷണത്തില്‍ അധികൃതരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്.
വ്യക്തിയുടെ സ്വകാര്യ, സാമ്പത്തികവിവരങ്ങള്‍ തട്ടിയെടുക്കുന്ന ഫിഷിങ്ങിലേക്കും ഓണ്‍ലൈന്‍ ആക്രമണത്തിലേക്കും നയിക്കാവുന്ന പരിചയമില്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്.
content highlight: ‘Gold can be won as a gift’, Kalyan Jewelers warns against online fraud