|

ദുബായ് പൊതുനിരത്തില്‍ 300 കിലോയിലധികമുള്ള സ്വര്‍ണബാര്‍; ബ്രിട്ടനിലും പാരിസിലും ഇത് ആലോചിക്കാന്‍ കഴിയില്ലെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: 300 കിലോ തൂക്കമുള്ള സ്വര്‍ണ ബാര്‍ നിര്‍മിച്ച് യു.എ.ഇ ഗിന്നസ് റെക്കോഡ് നേടിയ സംഭവം ചര്‍ച്ചയില്‍. ഗിന്നസ് റെക്കോഡ് ലഭിച്ചതിന് പിന്നാലെ സ്വര്‍ണ ബാര്‍ പൊതുനിരത്തില്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രദര്‍ശിപ്പിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.

ദുബായിലെ എമിറേറ്റ്സ് മിന്റിങ് ഫാക്ടറിയാണ് സ്വര്‍ണ ബാര്‍ നിര്‍മിച്ചത്. 300.12 കിലോഗ്രാം ((661 പൗണ്ട് 10 ഔണ്‍സ്) ഭാരമാണ് ബാറിനുള്ളത്. ഏകദേശം 8 മുതല്‍ 10 മണിക്കൂര്‍ വരെ സമയമെടുത്താണ് സ്വര്‍ണ ബാര്‍ നിര്‍മിച്ചത്. 211 കോടി രൂപയാണ് ഇതിന്റെ മൂല്യം.

നിലവില്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റോട് കൂടി ദുബായ് ഗോള്‍ഡ് സൂക്ക് എക്സ്റ്റന്‍ഷനിലാണ് സ്വര്‍ണ ബാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളിലും ഫോട്ടോകളിലും, ആളുകള്‍ സ്വര്‍ണ ബാറിന്റെ സമീപത്തായി സെല്‍ഫി എടുക്കുന്നതായി കാണാം.

ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ യു.എ.ഇയിലെ സുരക്ഷയെ കുറിച്ചും ചര്‍ച്ച ആരംഭിച്ചു. ബ്രിട്ടനിലും പാരിസിലും ഇത്തരത്തിലുള്ള ഒരു സംഭവം നടക്കില്ലെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ഒരുപക്ഷെ ഒരായിരം പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ ചിലപ്പോ ആലോചിക്കാന്‍ പറ്റിയേക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

സ്വര്‍ണ ബാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്ത് പൊലീസോ തോക്കോ ക്യാമറയോ മറ്റ് സുരക്ഷകളോ ഇല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ കാണാത്ത സെക്യൂരിറ്റി സിസ്റ്റമാണല്ലേ ദുബായ് നഗരത്തിലെ സെക്യൂരിറ്റി എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഇതിനുമുമ്പ് ജപ്പാനില്‍ പ്രദര്‍ശിപ്പിച്ച 250 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ ബാറായിരുന്നു ഈ വിഭാഗത്തിലെ മുന്‍ റെക്കോര്‍ഡ്. ഗിന്നസിന്റെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും തുടര്‍ന്ന് റെക്കോര്‍ഡിനായി അയച്ചുവെന്നും എമിറേറ്റ്സ് മിന്റിങ് ഫാക്ടറിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഖര്‍സ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എമിറേറ്റ്സ് മിന്റിങ് ഫാക്ടറി പ്രസ്തുത റെക്കോര്‍ഡ് കൈവരിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സ്വര്‍ണ ബാറിന്റെ നിര്‍മാണത്തിന് പിന്നില്‍ കമ്പനിയുടെ അര്‍പ്പണ ബോധവും രാജ്യത്തിന്റെ പിന്തുണയുമാണെന്നും ഗിന്നസ് വെബ്‌സൈറ്റ് പ്രതികരിച്ചു.

Content Highlight: Gold bar weighing more than 300 kg on Dubai public street; Social media said it was unthinkable in Britain and Paris