| Thursday, 13th April 2017, 4:37 pm

കോഴിക്കോട് വിമാനത്താവളത്തില്‍ 3.2 കിലോഗ്രാം സ്വര്‍ണ്ണവും 33 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 3.2 കിലോഗ്രാം സ്വര്‍ണ്ണവും 33 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. കസ്റ്റംസാണ് ഇത് പിടികൂടിയത്.

കെ.പി മിദ്‌ലജ് (24) എന്നയാളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കിനാലൂര്‍ സ്വദേശിയാണ് ഇയാള്‍. വിമാനത്താവളത്തിന്റെ എക്‌സിറ്റ് ഗെയിറ്റില്‍ നിന്നാണ് സ്വര്‍ണ്ണം പടികൂടിയത്. ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ ഹൈ പ്രഷര്‍ കാര്‍ വാഷ് പമ്പിന് അസാധാരണമായ ഭാരം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇത് തുറന്ന് പരിശോധിച്ചത്.

കാര്‍ വാഷ് പമ്പിനുള്ളിലാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന 3.2 കിലോഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. കുറ്റാരോപിതനായ മിദ്‌ലജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Also Read: ‘ഞങ്ങള്‍ക്ക് അത് വെറുമൊരു സിനിമയായിരുന്നില്ല, അതിജീവനമായിരുന്നു’; ‘ബിഗ് ബി’യുടെ 10-ആം വാര്‍ഷികത്തില്‍ സംവിധായകന്‍ അമല്‍ നീരദ് പറയുന്നു


ഇന്ന് തന്നെയുണ്ടായ മറ്റൊരു സംഭവത്തിലാണ് സി.എം ഷൈജു (31) എന്നയാളില്‍ നിന്ന് 33 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയാണ് ഇദ്ദേഹം. സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനിരുന്നയാളാണ് ഇയാള്‍.

പിടികൂടിയ വിദേശ കറന്‍സികളില്‍ സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം, കുവൈറ്റ്, ദിനാര്‍ എന്നിവ ഉള്‍പ്പെടുന്നു. കാര്‍ഡ് ബോര്‍ഡ് പെട്ടിയ്ക്കുള്ളില്‍ ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങള്‍ക്കൊപ്പമാണ് കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്. ഇത് കടത്തിയാല്‍ 20,000 രൂപയാണ് ലഭിക്കുക എന്ന് അറസ്റ്റിലായ ഷൈജു മൊഴി നല്‍കി.

അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.എസ് നിധിന്‍ ലാല്‍, സൂപ്രണ്ടുമാരായ എം. പ്രവീണ്‍, സി. ഗോകുല്‍ദാസ്, സി.ജെ തോമസ്, എം. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടികൂടിയത്. സംഭവങ്ങളെ കുറിച്ചുള്ള വിശദമായ അന്വേഷണം നടക്കുകയാണ്.

We use cookies to give you the best possible experience. Learn more