|

വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളില്ല; കേന്ദ്ര ബജറ്റ് ധനകമ്മി ഉണ്ടാക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാലു വര്‍ഷമായ ധനകമ്മി ടാര്‍ഗെറ്റ് നേടാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ പുതിയ ബജറ്റ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ധനകമ്മി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസ്. ബജറ്റില്‍ ചിലവ് കൂടുതലാണെന്നും, വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും മൂഡീസ് നിരീക്ഷിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലെ ധനകമ്മി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ടാര്‍ഗെറ്റ് പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് ഏറെ വെല്ലുവിളികളുണ്ടാവും. ഇടക്കാല ബജറ്റിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി ഏജന്‍സി പറഞ്ഞു.

നേരത്തെ ബജറ്റിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ പാവങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നോട്ടു വെച്ച ആശയങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നു ബി.ജെ.പി എന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു.

ALSO READ: ആദായ നികുതിയില്‍ ഇളവ്; പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി

“രാജ്യത്തിന്റെ സ്രോതസ്സുകള്‍ ആദ്യം രാജ്യത്തെ പാവങ്ങള്‍ക്ക് എന്ന കോണ്‍ഗ്രസിന്റെ നയം അതേപടി പകര്‍ത്തിയ ഇടക്കാല ധനകാര്യമന്ത്രിക്ക് നന്ദി” എന്നായിരുന്നു ചിദംബരം ട്വിറ്ററില്‍ കുറിച്ചത്.

പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗത്തിലെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് പി ചിദംബരം നേരത്തെ രംഗത്തെത്തിയിരുന്നു .45 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് 7% വളര്‍ച്ച ഉണ്ടായി എന്ന് വിശ്വസിക്കുക എന്നായിരുന്നു ചിദംബരം ചോദിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒട്ടനവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് മോദി സര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ നടത്തിയിരിക്കുന്നത്.

WATCH THIS VIDEO:

Video Stories