Entertainment
വിജയ് ചിത്രം 'ലിയോ'യുടെ കേരള വിതരണാവകാശം ഗോകുലം മൂവീസിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 05, 02:15 pm
Wednesday, 5th July 2023, 7:45 pm

കേരളത്തില്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനത്തില്‍ വിജയ് നായകനായെത്തുന്ന ലിയോ. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് കേരളാ വിതരണാവകാശത്തെക്കുറിച്ചുള്ള അനൗണ്‍സ്മെന്റ് ട്വിറ്ററില്‍ നടത്തിയത്. സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയുമാണ് കേരളത്തില്‍ അവതരിപ്പിക്കുന്നതെന്ന് ഗോകുലം ഗോപാലന്‍ വീഡിയോയിലൂടെ പറഞ്ഞു.

ഈ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സുജിത് നായര്‍ നേതൃത്വം നല്‍കുന്ന ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.

വിജയ്ക്ക് പുറമെ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം ഒക്ടോബര്‍ 19ന് തിയേറ്ററുകളിലെത്തും.

content highlights: Gokulam Movies has the Kerala distribution rights of Vijay film Leo