ഇന്ത്യൻ ഇന്റർനാഷണലും മലയാളി താരവുമായ അനസ് എടത്തൊടിക ഇനിമുതൽ ഗോകുലം എഫ്.സിയിൽ കളിക്കും. നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അനസ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്.
മലയാളി താരം മലബാറിയൻസിന് വേണ്ടി പന്തുതട്ടാൻ എത്തിയതിന്റെ ആവേശത്തിലാണ് മലയാളി ഫുട്ബോൾ ആരാധകർ.
ഗോകുലം എഫ്.സിയിൽ ചേർന്നതിന്റെ സന്തോഷം അനസ് പങ്കുവെച്ചു.
‘ഗോകുലത്തിൽ എത്തിയത് വളരെ ആവേശകരമായി എനിക്ക് തോന്നുന്നു. ഒരു മാസത്തോളമായി ഞാൻ ടീമിനൊപ്പം പരിശീലനം നടത്തുകയാണ്. ഈ സീസണിൽ അവർ മികച്ച ഒരു ടീമിനെ ഉണ്ടാക്കി,” ഗോകുലം കേരളയുടെ ഔദ്യോഗിക പ്രസ്താവനയിൽ അനസ് പറഞ്ഞു.
ഒരുപാട് ടീമുകൾക്കായി കളിച്ച അനസിന്റെ അനുഭവസമ്പത്ത് യുവതാരങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് ഗോകുലം കേരളാ എഫ്.സി ടീം ഉടമ വി.സി പ്രവീൺ പറഞ്ഞു.
‘അനസ് പരിചയസമ്പന്നനായ ഒരു ഫുട്ബോൾ താരമാണ്. അദ്ദേഹം നിരവധി ഐ.എസ്.എൽ, ഐ-ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വിജയകരമായ ഒരു അന്താരാഷ്ട്ര കരിയറും അദ്ദേഹത്തിനുണ്ടായിരുന്നു, ഞങ്ങളുടെ യുവതാരങ്ങൾക്ക് ഉപദേശകനായി പ്രവർത്തിക്കാനും അദ്ദേഹത്തിന് സാധിക്കും,’ പ്രവീൺ പറഞ്ഞു.
2019ൽ അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ അഭ്യർത്ഥനയെത്തുടർന്ന് താരം വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് തിരിച്ചു വരികയായിരുന്നു.
ഒഡിഷ എഫ്.സി മോഹൻ ബഗാൻ, കേരളാ ബ്ലാസ്റ്റേഴ്‌സ്, ഡൽഹി ഡൈനാമോസ്, അത്‌ലറ്റികോ കൊൽക്കത്ത, പൂനെ തുടങ്ങിയ ടീമുകൾക്കെല്ലാം വേണ്ടി അനസ് കളിച്ചിട്ടുണ്ട്.
ഒക്‌ടോബർ 28നാണ് ഐ ലീഗ് പുതിയ സീസൺ കൊടിയേറുന്നത്. അന്നേദിവസം പുതുമുഖങ്ങളായ ഇന്റർ കാശിയുമായി ഗോകുലം എഫ്.സി ഏറ്റുമുട്ടും.
ഇ.എം.എസ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Gokulam Kerala FC sign Anas Edathodika.