| Friday, 22nd September 2023, 11:52 am

'ചന്ദ്രമുഖി'യേയും സ്വന്തമാക്കി ഗോകുലം മൂവീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി.

ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ‘പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷന്‍സുമായി ഞങ്ങള്‍ സഹകരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്ന ആറാമത്തെ ചിത്രമാണ്. തമിഴ്നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷന്‍ വ്യാപിപ്പിക്കുകയും കൂടി ചെയ്തതോടെ ലൈക്ക പ്രൊഡക്ഷന്‍സുമായി തുടര്‍ന്നും ചിത്രങ്ങള്‍ പ്രതീക്ഷിക്കാം,’ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

സെപ്റ്റംബര്‍ 28നാണ് ചിത്രം തീയേറ്ററില്‍ റിലീസിനായി ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയര്‍ ഡയറക്ടര്‍ പി. വാസുവാണ് സംവിധാനം ചെയ്യുന്നത്. പി. വാസുവിന്റെ 65-ാമത്തെ ചിത്രമാണ് ‘ചന്ദ്രമുഖി 2’. മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. വേട്ടയിന്‍ രാജ എന്ന കഥാപാത്രമായിട്ടാണ് രാഘവ ലോറന്‍സ് എത്തുന്നത്.

18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ് ‘ചന്ദ്രമുഖി 2’. രജിനികാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്.

ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. പി.ആര്‍.ഒ. – ശബരി

Content Highlight: Gokulam Gopalan has acquired the Kerala distribution rights of ‘Chandramukhi 2’ for Shree Gokulam Movies

We use cookies to give you the best possible experience. Learn more