Film News
രജനികാന്തിന്റെ 'ജയിലര്‍'; കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 08, 12:50 pm
Thursday, 8th June 2023, 6:20 pm

നെല്‍സന്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ാം ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, വിക്രം നായകനായ കോബ്ര എന്നീ സിനിമകളും ഗോകുലമായിരുന്നു കേരളത്തില്‍ വിതരണം ചെയ്തത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം മൂവീസായിരുന്നു.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെല്‍സന്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറില്‍ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍.

അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ലോകമെമ്പാടും ഇന്‍ഡിപെന്‍ഡന്‍സ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.ആര്‍.ഒ – ശബരി

Content Highlight: Gokulam Gopalan has acquired the distribution rights of ‘Jailor’ in Kerala under the banner of Sree Gokulam Movies