Entertainment
സൂപ്പർ ഹിറ്റാണെങ്കിലും ആ മമ്മൂട്ടി ചിത്രം നിർമാതാവെന്ന നിലയിൽ ലാഭമെന്ന് പറയാനാകില്ല: ഗോകുലം ഗോപാലൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 25, 05:00 am
Tuesday, 25th February 2025, 10:30 am

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വര്‍മ പഴശ്ശിരാജ. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസര്‍ക്കാര്‍ ഇതിന്റെ പ്രദര്‍ശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

അന്നത്തെ കാലത്ത് 50 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കേരള വര്‍മ പഴശ്ശിരാജ. മമ്മൂട്ടി, കനിഹ,പദ്മപ്രിയ, ശരത് കുമാര്‍, തിലകന്‍, തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

ഗോകുലം ഗോപാലനായിരുന്നു ചിത്രം നിർമിച്ചത്. തിയേറ്ററിൽ വലിയ വിജയമായ സിനിമയായിരുന്നു പഴശ്ശിരാജ. എന്നാൽ ഒരു നിർമാതാവ് എന്ന നിലയിൽ പഴശ്ശിരാജ വലിയ ലാഭമല്ലായിരുന്നുവെന്നും തരക്കേടില്ലാതെ പോയെന്നേയുള്ളൂവെന്നും ഗോകുലം ഗോപാലൻ പറയുന്നു.

എന്നാൽ ഒരുപാട് അംഗീകാരങ്ങൾ ദേശിയ തലത്തിൽ സിനിമ സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിർമിച്ച മറ്റൊരു സിനിമയായ കമ്മാര സംഭവം എന്ന ചിത്രം തനിക്ക് വലിയ നഷ്ടം വരുത്തിയെന്നും രണ്ട് സിനിമയ്ക്കുള്ള കഥയുള്ള സിനിമയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. വൈഡ് റിലീസ് ആയതിനാൽ ലാഭമുണ്ടാക്കിയ സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പഴശ്ശിരാജ 25 കോടിക്കാണ് പൂർത്തിയായത്. ലാഭമെന്ന് പറയാനാകില്ല. വലിയ തട്ടുകേടില്ലാതെ പോയെന്നേയുള്ളൂ. പക്ഷേ, ഒരുപാട് അംഗീകാരങ്ങൾ ദേശീയതലത്തിലും രാജ്യാന്തര തലത്തിലും ലഭിച്ചു. അതും പ്രധാനമല്ലേ. കമ്മാരസംഭവം വലിയ നഷ്ടം വരുത്തി. എനിക്ക് ആ സിനിമയിൽ അധികം ഇൻവോൾവ് ചെയ്യാൻ പറ്റിയില്ല.

രണ്ടുസിനിമയ്ക്കുള്ള കഥ അതിലുണ്ടായിരുന്നു. ഇൻ്റർവെല്ലിന് ശേഷം വേറൊരു സിനിമ പോലെയായി. രണ്ട് ഭാഗമായി ചെയ്തിരുന്നെങ്കിൽ നന്നായേനെ. കായംകുളം കൊച്ചുണ്ണിക്ക് 45 കോടി രൂപ ചെലവുവന്നു. ഒരു മലയാള പടത്തിന് 45 കോടി ചെലവിടുന്നത് ഭ്രാന്താണ്. നഷ്ടം വരുമോ എന്ന് പേടിച്ചു. വൈഡ് റിലീസ് ഗുണം ചെയ്‌തു. സിനിമ ലാഭമുണ്ടാക്കി,’ഗോകുലം ഗോപാലൻ പറയുന്നു.

 

Content Highlight: Gokulam Gopalan About Profit Of Pazhashiraja Movie